അമ്മയെ വന്ദിച്ചില്ലെങ്കില്‍ വേറെ ആരെ വന്ദിക്കും, അഫ്സല്‍ ഗുരുവിനെയോ? ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: വന്ദേമാതരം ആലപിക്കുന്നതിന് മടി കാണിക്കുന്നതിനെതിരെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്ത്.

‘വന്ദേമാതരം എന്നാല്‍ അമ്മയ്ക്ക് സല്യൂട്ട് എന്നാണ് അര്‍ഥം. അതു ആലപിക്കുന്നതില്‍ എന്താണ് തെറ്റ്. അമ്മയെ വന്ദിച്ചില്ലെങ്കില്‍ വേറെ ആരെയാണ് വന്ദിക്കുക? അഫ്‌സല്‍ ഗുരുവിനെയോ?’ – അദ്ദേഹം ചോദിച്ചു.

വിഎച്ച്പി നേതാവ് അശോക് സിംഗളിനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്ത് കൊണ്ടു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

ഭാരത് മാതാ കീ ജയ് എന്ന് ആരെങ്കിലും പറയുമ്പോള്‍ അത് ഉദ്ദേശിക്കുന്നത് ഫോട്ടോയിലുള്ള ഏതെങ്കിലും ദേവതയെ അല്ല. ജാതിക്കും നിറത്തിനും മതത്തിനും അതീതമായി, ഈ രാജ്യത്ത് ജീവിക്കുന്ന 125 കോടി ആളുകളെ ഉദ്ദേശിച്ചാണ്. അവരെല്ലാവരും ഇന്ത്യക്കാരാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ഹിന്ദുത്വം ഒരു മതമല്ലെന്നും ഒരു ജീവിതരീതിയാണെന്നും ഹിന്ദുത്വത്തെക്കുറിച്ചുള്ള 1995 ലെ സുപ്രീം കോടതി വിധിയെ ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ യോഗം ആരംഭിക്കുന്നതിനു മുന്‍പ് വന്ദേമാതരം പാടണമെന്നു നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കി യുപി മീററ്റിലെ വനിതാ മേയര്‍ സുനിത വര്‍മ പുറത്തിറക്കിയ ഉത്തരവിനോടുള്ള പ്രതികരണം കൂടിയായി ഉപരാഷ്ട്രപതിയുടെ പ്രസ്താവന.

യോഗങ്ങള്‍ക്കുമുന്‍പ് വന്ദേമാതരം പാടണമെന്ന ഉത്തരവ് മീററ്റിലെ മുന്‍ ഭരണകൂടമാണ് പുറത്തിറക്കിയിരുന്നത്.

Top