തെറ്റ് പറ്റിയതാണെങ്കിൽ അത് തിരുത്തണം , ചുവപ്പിനെ പ്രണയിച്ചവരെ നിരാശരാക്കരുത്

മുഖ്യമന്ത്രി പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനോടും ഒരഭ്യര്‍ഥനയുണ്ട്. സ്വാശ്രയ മെഡിക്കല്‍ കോളജ് വിഷയത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടെങ്കില്‍ അത് തിരുത്താന്‍ ഇനിയെങ്കിലും തയ്യാറാകണം.

180 വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഓര്‍ത്ത് എന്ന് ദയവ് ചെയ്ത് ഇനി പറയരുത്. അത് കേരളീയ പൊതു സമൂഹത്തിന് മാത്രമല്ല, ഇടതുപക്ഷ അണികള്‍ക്ക് പോലും ബോധ്യപ്പെടില്ല.

ഇതിന് കോണ്‍ഗ്രസ്സുകാര്‍ കൂട്ട് നിന്നതു മനസ്സിലാക്കാം, അത് അപ്രതീക്ഷിതമല്ല, എന്നാല്‍ കമ്യൂണിസ്റ്റുകള്‍ നേതൃത്വം കൊടുക്കുന്ന ഒരു സര്‍ക്കാരില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയാണ് ഓര്‍ഡിനന്‍സിലൂടെ പുറത്ത് വന്നത്.

ഇപ്പോള്‍ ഗവര്‍ണ്ണര്‍ തന്നെ ക്രമവിരുദ്ധ എം.ബി.ബി.എസ് പ്രവേശനം റദ്ദാക്കിയിരിക്കുകയാണ്. നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് പാസാക്കിയ ബില്‍ സുപ്രീം കോടതി വിധിക്കെതിരെയാണ് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഗവര്‍ണ്ണര്‍ അസാധാരണ നടപടി സ്വീകരിച്ചത്.

ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിട്ടും നിയമസഭയില്‍ വിവാദബില്‍ അവതരിപ്പിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറായത് എന്തുകൊണ്ടാണ് എന്നാണ്‌ കേരളം ചോദിക്കുന്നത്.

സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകളുടെ നോട്ട് കെട്ടുകളുടെ പിന്‍ബലത്തില്‍ അനുകൂല തീരുമാനം എടുക്കുന്ന സര്‍ക്കാറാണ് പിണറായി സര്‍ക്കാര്‍ എന്ന് ഞങ്ങള്‍ കരുതുന്നില്ല. പക്ഷേ എന്തോ പ്രത്യേക താല്‍പ്പര്യം ഈ ബില്‍ അവതരിപ്പിച്ചതിനു പിന്നിലുണ്ട് എന്ന കാര്യം ഉറപ്പാണ്. പ്രതിപക്ഷ പിന്തുണ കൂടി ഉറപ്പിച്ച് അവതരിപ്പിച്ച ബില്ലാണിത്.

അത് എന്തിനു വേണ്ടിയായിരുന്നു സഖാക്കളെ ? ആതുര ശുശ്രൂഷ മേഖലയിലടക്കം കച്ചവടക്കണ്ണുകളോടെ സമീപിക്കുന്ന സ്വാശ്രയ മെഡിക്കല്‍ ലോബിക്ക് വേണ്ടി കുടപിടിക്കേണ്ട ആവശ്യം ഇടത് സര്‍ക്കാറിന് ഇല്ലെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍.

march

ഇവിടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ കാര്യത്തിലാണ് ജാഗ്രതയെങ്കില്‍ അതിന് മറ്റു സാധ്യതകള്‍ തേടുകയാണ് വേണ്ടിയിരുന്നത്. അല്ലാതെ നിയമത്തെ വെല്ലുവിളിച്ച് വന്‍തുക കോഴ വാങ്ങുന്ന കഴുത്തറപ്പന്‍ സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് വീണ്ടും കച്ചവടം നടത്താന്‍ അവസരമൊരുക്കുകയല്ല വേണ്ടിയിരുന്നത്.

ഇപ്പോള്‍ സര്‍ക്കാര്‍ അനുകൂല നിലപാടില്‍ പ്രചോദനം ഉള്‍ക്കൊണ്ട് മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫീസ് ഇരട്ടിയാക്കാനാണ് സ്വാശ്രയ മാനേജുമെന്റുകളുടെ തീരുമാനം. പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ച 5.6 ലക്ഷം രൂപയെന്നത് ഇരട്ടിയാക്കാനാണ് നീക്കം.

ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലങ്കില്‍ അത് വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കാനുള്ള നീക്കത്തിന് സഹായകരമായി മാറും.

സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തി തെരുവില്‍ ചോര ചിന്തിയ ആയിരക്കണക്കിന് അണികളുടെ ചങ്കിലാണ് സ്വാശ്രയ ബില്ലിലൂടെ ഇടതു സര്‍ക്കാര്‍ കത്തി വച്ചത്.

സ്വന്തം മകന്‍ സ്വാശ്രയ വിരുദ്ധ സമരത്തിന്റെ ഭാഗമായി പൊലീസിന്റെ വെടിയേറ്റ് മരിച്ചപ്പോള്‍ പോലും പിടിച്ച് നിന്ന്, വിശ്വസിച്ച പ്രസ്ഥാനത്തിന് ആവേശമായ കെ വി വാസു എന്ന കമ്യൂണിസ്റ്റിന് സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വരേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് ഇനിയെങ്കിലും സി.പി.എം നേതൃത്വം ചിന്തിക്കണം.

‘നമ്മള്‍ പറഞ്ഞതും ഇപ്പോള്‍ ചെയ്തതും തമ്മില്‍ പൊരുത്തമുണ്ടോ’ എന്ന് ചോദിച്ച വാസു കൂത്തുപറമ്പ് വെടിവയ്പിലേക്ക് നയിച്ച മുദ്രാവാക്യം എന്തായിരുന്നുവെന്നും നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചിരുന്നു. വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് രക്തസാക്ഷികളെ വീണ്ടും ‘കൊല്ലുന്ന’ സ്ഥിതിയിലേക്ക് വിശദീകരണം നീളുന്നതിലും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കടുത്ത അമര്‍ഷമാണ്‌ പ്രകടിപ്പിച്ചത്.

march

കൂത്തുപറമ്പില്‍ പിടഞ്ഞ് വീണ റോഷന്‍ അടക്കമുള്ള അഞ്ച് രക്തസാക്ഷികളുടെയും ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെയും ലക്ഷകണക്കിന് സി.പി.എം അണികളുടെയും പ്രതിഷേധവും സങ്കടവുമുണ്ട് ആ പ്രതികരണത്തില്‍. ശുഭ്ര പതാക കയ്യിലേന്തിയ ഓരോ എസ്.എഫ്.ഐക്കാരനും ഡി.വൈ.എഫ്.ഐക്കാരനും വാസുവെന്ന ഈ പാവം കമ്യൂണിസ്റ്റിനെ തള്ളി പറയാന്‍ കഴിയില്ല.

സ്വാശ്രയ സമരത്തിന്റെ ഭാഗമായി തെരുവില്‍ പൊലീസിന്റെ ലാത്തിയടിയിലും ടിയര്‍ഗ്യാസ് പ്രയോഗത്തിലും പരുക്കേറ്റ് ഇപ്പോഴും ശരീരത്തില്‍ അതിന്റെ കെടുതികള്‍ സഹിക്കുന്ന പഴയ വിദ്യാര്‍ത്ഥി യുവജന പ്രവര്‍ത്തകരും തങ്ങളുടെ കൂടി ചോദ്യമാണ് വാസുവേട്ടന്‍ പാര്‍ട്ടി നേതൃത്വത്തോട് ചോദിച്ചത് എന്ന നിലപാടിലാണിപ്പോള്‍.

തന്റെ പ്രതികരണം രാഷ്ട്രീയ എതിരാളികള്‍ പാര്‍ട്ടിക്കെതിരെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെ വിശദീകരണവുമായി രംഗത്ത് വന്ന വാസു താന്‍ ഒരിക്കലും പാര്‍ട്ടിക്കോ ഡി.വൈ.എഫ്.ഐക്കോ എതിര് നില്‍ക്കില്ലന്നും ഇതിനകം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്വന്തം മകന്‍ നാടിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ ഒരു പിതാവില്‍ നിന്ന് സഖാക്കള്‍ പ്രതീക്ഷിച്ച പ്രതികരണം തന്നെയാണിത്. ഇത്രമാത്രം ചെങ്കൊടിയെ സ്‌നേഹിക്കുന്ന വാസുവിനെ പോലെയുള്ള പ്രവര്‍ത്തകരാണ് തങ്ങളുടെ കരുത്തെന്ന് ഒരു നിമിഷം ആത്മാര്‍ത്ഥമായി ഓര്‍ത്തിരുന്നെങ്കില്‍ ഒരു പക്ഷേ പിണറായി സര്‍ക്കാര്‍ ഈ സാഹസം കാട്ടില്ലായിരുന്നു.

Team Express Kerala

Top