ഐസിസി; ഇന്ത്യയ്ക്ക് ലഭിക്കുന്ന വരുമാന വിഹിതം 2616 കോടി രൂപ

bcci

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും തമ്മില്‍ വരുമാനം പങ്കുവെയ്ക്കുന്ന കാര്യത്തിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പിലെത്തി.

ലണ്ടനില്‍ ചേര്‍ന്ന ഐ.സി.സി.യുടെ വാര്‍ഷിക പൊതുയോഗത്തിലാണ് തര്‍ക്കം അവസാനിച്ചത്. ഇതുപ്രകാരം കഴിഞ്ഞ ഏപ്രിലില്‍ വോട്ടെടുപ്പിലൂടെ ഐ.സി.സി. ബോര്‍ഡ് യോഗം അംഗീകരിച്ചതിനെക്കാള്‍ 723 കോടി രൂപ ബി.സി.സി.ഐ.യ്ക്ക് അധികമായി കിട്ടും.

1893 കോടിയില്‍ നിന്നും ഇതോടെ മൊത്തം ലഭിക്കുന്ന തുക 2616 കോടിയായി ഉയര്‍ന്നു.

2023 വരെയുള്ള കാലയളവിലേക്കാണ് ഐ.സി.സി.യില്‍നിന്നും വരുമാന വിഹിതമായി ഈ തുക ലഭിക്കുക. പുതിയ സാമ്പത്തിക മോഡലിന്റെ കാലപരിധിയില്‍ ഐ.സി.സി.ക്ക് ആകെ കിട്ടുന്നത് 17,442 കോടി രൂപയാണ്. ഇതില്‍നിന്നും എല്ലാ ചെലവുകളും കഴിച്ച് 11,473 കോടി ബാക്കിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ഏറ്റവും വലിയ വിഹിതം ലഭിക്കുന്നത് ഇന്ത്യയ്ക്കാണ്. 898 കോടിയുമായി ഇംഗ്ലണ്ട് ബോര്‍ഡ് രണ്ടാം സ്ഥാനത്തും. ഇന്ത്യയുടെ വിഹിതം കൂടിയപ്പോള്‍ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് കിട്ടുന്ന തുകയില്‍ കുറവുണ്ടാകുകയാണ് ചെയ്തത്.

ഏപ്രിലില്‍ ചേര്‍ന്ന ഐ.സി.സി. ബോര്‍ഡ് യോഗത്തില്‍ ഒന്നിനെതിരെ ഒമ്പതുവോട്ടുകള്‍ക്കാണ് പുതിയ സാമ്പത്തികമോഡല്‍ അംഗീകരിക്കപ്പെട്ടത്. ഇന്ത്യ അതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

മുന്‍ ബി.സി.സി.ഐ. പ്രസിഡന്റും ഐ.സി.സി. ചെയര്‍മാനുമായ ശശാങ്ക് മനോഹറിന്റെ നേതൃത്വത്തിലാണ് പുതിയ സാമ്പത്തിക മോഡല്‍ രൂപീകരിക്കപ്പെട്ടത്. ഈ മോഡല്‍ അംഗീകരിക്കാന്‍ ബി.സി.സി.ഐ.ക്ക് 700 കോടിയോളം രൂപ അധികമായി നല്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 683 കോടി രൂപ വിഹിതമായി കിട്ടണമെന്നായിരുന്നു ബി.സി.സി.ഐ.യുടെ ആവശ്യം.

ഐ.സി.സി.യിലെ എട്ട് ഫുള്‍ മെമ്പര്‍മാരുടെയും അസോസിയേറ്റ് അംഗങ്ങളുടെയും വിഹിതം, ഐ.സി.സി.യുടെ ചെലവുചുരുക്കല്‍ എന്നീ വഴികളിലൂടെയാണ് ഇന്ത്യക്ക് അധികമായി നല്‌കേണ്ടിവരുന്ന തുക കണ്ടെത്തുക. സിംബാബ്‌വെ ഒഴികെ മറ്റ് എട്ട് അംഗങ്ങള്‍ക്ക് 25 കോടി രൂപവീതം വിഹിതം കുറയും.

Top