ഇംഗ്ലീഷും ഹിന്ദിയും അറിയില്ല, പരിശീലനവും കിട്ടിയില്ല, പണവുമില്ല, പക്ഷേ അവന്‍ നേടി !

ഹൈദരാബാദ്: ഇംഗ്ലീഷ് ഭാഷ വശമില്ലാത്ത ഏത് കുഗ്രാമക്കാരനും ഐഎഎസ് നേടാമെന്ന് തെളിയിച്ച് ആന്ധ്രാപ്രദേശിലെ യുവാവ്.

ശ്രീകാകുളം ജില്ലയിലെ പരസമ്പ ഗ്രാമത്തിലുള്ള കര്‍ഷക ദമ്പതികളുടെ മകനായ ഗോപാലകൃഷ്ണ റോണങ്കിയാണ് രാജ്യത്തെ പാവപ്പെട്ടവന്റെ സ്വപ്നങ്ങള്‍ക്ക് പുതിയ പ്രതീക്ഷയേകിയത്.

ഇംഗ്ലീഷും ഹിന്ദിയുമറിയാത്ത ഈ തനി നാട്ടിന്‍ പുറത്തുകാരന് മുന്നില്‍ നഗരത്തിലെ സിവില്‍ സര്‍വ്വീസ് കോച്ചിങ്ങ് സ്ഥാപനങ്ങള്‍ വാതില്‍ കൊട്ടിയടച്ചിട്ടും നേടിയ ചരിത്ര വിജയത്തിന് ‘പത്തരമാറ്റാണ് ‘ ഇപ്പോള്‍ തിളക്കം.

നീണ്ട പത്തുവര്‍ഷം . . പരാജയപ്പെട്ട മൂന്ന് ശ്രമങ്ങള്‍ . .ഒടുവില്‍ ഗോപാലകൃഷ്ണയുടെ നിശചയദാര്‍ഢ്യത്തിനു മുന്നില്‍ ‘വിധി’പോലും തല കുനിക്കുകയായിരുന്നു.

ഫലമോ മുപ്പതാമത്തെ വയസ്സില്‍ മൂന്നാം റാങ്കോടെ തിളക്കമാര്‍ന്ന ഉന്നത വിജയം.

സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ തന്നെ ഐ എ എസ് – ഐ പി എസ് മോഹങ്ങള്‍ പറഞ്ഞ് നാട്ടില്‍ വീമ്പടിക്കുന്നയാളുകളില്‍ നിന്നും വ്യത്യസ്തനാണ് ഈ യുവാവ്.

റാങ്ക് കിട്ടിയത് മാധ്യമങ്ങളില്‍ കണ്ടപ്പോള്‍ മാത്രമാണ് നാട്ടുകാരും വീട്ടുകാരുപോലും വിവരമറിഞ്ഞത്.

പരാജയപ്പെട്ട മൂന്ന് അവസരങ്ങള്‍ നല്‍കിയ ‘പാഠ’മാണ് തനിക്ക് റാങ്കോടെ വിജയിക്കാന്‍ കഴിഞ്ഞതിന് പിന്നിലെന്നാണ് ഗോപാലകൃഷ്ണ പറയുന്നത്.

മകനൊരു സ്‌കൂള്‍ അദ്ധ്യാപകന്‍ ആണെന്നു മാത്രമേ പാവപ്പെട്ട മാതാപിതാക്കള്‍ക്കും അറിയുമായിരുന്നൊള്ളു.

നാട് ഭരിക്കുന്ന ജില്ലാ കളക്ടറായി കൊടി വച്ച കാറില്‍ മകന്‍ വന്നിറങ്ങുന്നത് പട്ടിണി പാവങ്ങളായ ഈ മാതാപിതാക്കള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഐ.എ.എസ് നേടണമെന്ന വാശിയില്‍ പണം കണ്ടെത്താനും കുടുംബം പോറ്റാനുമായി 11 വര്‍ഷമാണ് പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായി ഗോപാലകൃഷ്ണ നാട്ടില്‍ ജോലി ചെയ്തിരുന്നത്.

ഇന്റര്‍മീഡിയേറ്റിനു പഠിക്കും വരെ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലായിരുന്നു പഠനം.

അദ്ധ്യാപകനായിരിക്കെ വിദൂര വിദ്യാഭ്യാസ പഠനം വഴി ആന്ധ്രാ സര്‍വ്വകലാശാലയില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കി. ഇംഗ്ലീഷും ഹിന്ദിയും അറിയാത്തതിനാല്‍ കോച്ചിങ്ങ് സ്ഥാപനങ്ങള്‍ പ്രവേശനം നല്‍കാതിരുന്നപ്പോള്‍ സ്വയം എല്ലാം മനസ്സിലാക്കി ചെയ്യേണ്ടി വന്നത് വെല്ലുവിളിയായിരുന്നു. ഒരാളും സഹായത്തിനുണ്ടായിരുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം.

സ്‌കൂള്‍ – ഇന്റര്‍മീഡിയേറ്റ് പഠനം തെലുങ്കിലായിരുന്നതിനാല്‍ സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷയ്ക്കും തെലുങ്ക് സാഹിത്യമാണ് ഓപ്ഷനായി എടുത്തിരുന്നത്.

യു.പി.എസ്.സി അഭിമുഖ പരീക്ഷക്ക് തെലുങ്കില്‍ തന്നെ പങ്കെടുക്കാന്‍ അധികൃതര്‍ സമ്മതിച്ചതോടെ എല്ലാ തടസ്സങ്ങളും ഗോപാലകൃഷ്ണന് മുന്നില്‍ വഴിമാറുകയായിരുന്നു.

ഐ.എ.എസ് – ഐ.പി.എസ് പദവികള്‍ തങ്ങള്‍ക്ക് സ്വപ്നത്തില്‍ മാത്രമേ ആഗ്രഹിക്കാന്‍ ‘അവകാശമുള്ളു’ എന്ന് ധരിച്ച രാജ്യത്തെ ഗ്രാമങ്ങളിലെ വലിയ വിഭാഗം യുവ സമൂഹത്തിന്റെ മുന്‍ ധാരണകളെയാണ് ഇവിടെ ഗോപാലകൃഷ്ണ പൊളിച്ചെഴുതിയിരിക്കുന്നത്.

ജീവിത സാഹചര്യങ്ങളോട് പടവെട്ടി സ്വപ്നം സാക്ഷാത്കരിക്കുക മാത്രമല്ല ആ വിജയത്തിലൂടെ സമൂഹത്തിന് വലിയ ഒരു സന്ദേശം കൂടി നല്‍കുന്നുണ്ട് ഈ യുവാവ്.

ആര്‍ക്കും ഒന്നും അസാധ്യമല്ല എന്ന സന്ദേശം.

Top