ias officials surveillance? Be careful to keep the government files

തിരുവനന്തപുരം: ഐഎഎസ് അസോസിയേഷനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടക്കിയ പശ്ചാതലത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ മോണിറ്ററിംങ്ങ് ശക്തമാക്കാന്‍ നീക്കം. സര്‍ക്കാര്‍ ഫയലുകള്‍ ഐഎഎസുകാര്‍ക്ക് മുന്നില്‍ എത്തുന്നതിന് മുന്‍പും ഉദ്യോഗസ്ഥര്‍ കണ്ട് കഴിഞ്ഞതിന് ശേഷവും കര്‍ശന പരിശോധന നടത്താനാണ് തീരുമാനം.

ഇതിനായി സെക്രട്ടറിയേറ്റിലെ ഇടത് അനുകൂല സംഘടനകളുടെ നേതൃയോഗം ഉടന്‍ വിളിച്ച് ചേര്‍ക്കും.മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് ഇതിനകം തന്നെ നിര്‍ദ്ദേശം ലഭിച്ചു കഴിഞ്ഞു.മന്ത്രിമാരുടെ മുന്നില്‍ പരിഗണനക്ക് വരുന്ന ഫയലുകള്‍ ശരിയായി പഠിച്ച് വേണം മന്ത്രിമാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.ഒരു വിഭാഗം ഐഎഎസുകാര്‍ വെട്ടില്‍ ചാടിപ്പിക്കാതിരിക്കാനാണിത്.

അത് പോലെ തന്നെ ഉടക്കിലായ ഐഎഎസ് നേതാക്കളെ പൊലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളും നിരീക്ഷിക്കും. ഒരുതരത്തിലുള്ള ഗൂഡാലോചനയും വച്ച് പൊറുപ്പിക്കില്ലന്ന നിലപാടില്‍ ഉറച്ചാണ് മുഖ്യമന്ത്രിയുടെ പോക്ക്. തനിക്കെതിരായി പരാതി നല്‍കിയവര്‍ക്ക് മുഖ്യമന്ത്രി ചുട്ട മറുപടി നല്‍കിയതില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും ഹാപ്പിയാണത്രെ. ജേക്കബ് തോമസിനെതിരെ അന്വേഷണമില്ലാത്തത് ചൂണ്ടി കാട്ടിയ ഐഎഎസ് ഉദ്യോഗസ്ഥരോട് രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്.

ടി.ഒ.സൂരജ് അടക്കമുള്ള പല ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ സസ്‌പെന്‍ഷനും വിജിലന്‍സ് കേസും ഉണ്ടായപ്പോള്‍ പ്രതികരിക്കാതിരുന്ന സംഘബോധം ഇപ്പോള്‍ എവിടെ നിന്നുണ്ടായെന്ന പിണറായിയുടെ ചോദ്യത്തിന് മുന്നിലും ഐഎഎസുകാര്‍ക്ക് ഉത്തരം മുട്ടി.വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പോള്‍ ആന്റണിയെ വിജിലന്‍സ് കേസില്‍ കുടുക്കിയത് ചൂണ്ടി കാട്ടിയപ്പോള്‍ വിജിലന്‍സ് കേസില്‍ ഇടപെടില്ലന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സര്‍ക്കാറിന് ഒരു നയമുണ്ടെന്നും അതാണ് താന്‍ പറഞ്ഞതെന്നും അത് അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോകേണ്ടതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. സമരവുമായി മുന്നോട്ട് പോയാല്‍ വിവരമറിയുമെന്ന വ്യക്തമായ മുന്നറിയിപ്പ് കിട്ടിയതോടെയാണ് ഉദ്യോഗസ്ഥര്‍ പത്തി മടക്കി മടങ്ങി ജോലിക്ക് കയറിയത്.സംസ്ഥാനത്തെ ഐഎഎസുകാര്‍ക്കാകെ നാണകേടായിരിക്കുകയാണ് ഈ സംഭവം.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാകട്ടെ ഐഎഎസുകാരായാലും എത്ര വലിയ ഉന്നതനായാലും പരാതി ലഭിച്ചാല്‍ ശക്തമായി മുന്നോട്ട് പോവാനുള്ള തീരുമാനത്തിലുമാണ്.

ഇപ്പോള്‍ കൂടുതല്‍ ശക്തനായ വിജിലന്‍സ് ഡയറക്ടര്‍ പല ഐഎഎസുകാരുടെയും ഉറക്കം ഇതിനകം തന്നെ നഷ്ടപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നിലപാട് എല്ലാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ബാധകമാണെന്നതിനാല്‍ മറ്റ് സംഘടനാ നേതാക്കളും ആശങ്കയിലാണ്. സംഘബലം കാണിച്ച് ആരും സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കേണ്ടതില്ല എന്നതാണ് പിണറായിയുടെ നിലപാട്.

Top