IAS Officers plan failed against vigilance director

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ നീക്കത്തിന് ഐപിഎസ് ഉദ്യോഗസ്ഥരെ കൂട്ട് പിടിക്കാനുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ നീക്കത്തിന് തിരിച്ചടി.

വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം നേരിടുന്ന ഐപിഎസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ തിരുവനന്തപുരം റേഞ്ച് ഐജി, പൊലീസ് അക്കാദമി ഡിഐജി എന്നിവരെ കൂട്ട് പിടിക്കാനുള്ള ഐഎഎസ് പ്രമുഖന്റെ നീക്കമാണ് പാളിയത്.

അന്വേഷണങ്ങളെ വ്യക്തിപരമായി കണ്ട് പകപോക്കലിന് കൂട്ട് നില്‍ക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് ഈ ഉദ്യോഗസ്ഥര്‍.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഐഎഎസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് സമാനമായി ഐപിഎസ് അസോസിയേഷനെ കൊണ്ട് പരാതി നല്‍കിപ്പിക്കാനായിരുന്നു നീക്കം.

ഐപിഎസ് ഉദ്യോഗസ്ഥരെയും വിജിലന്‍സ് ഡയറക്ടര്‍ വേട്ടയാടുകയാണെന്ന് വരുത്തി തീര്‍ക്കലായിരുന്നു ഉദ്ദേശ്യം.

എന്നാല്‍ വിജിലന്‍സിന് മുന്നില്‍ പരാതി വന്നാല്‍ അന്വേഷണം സ്വാഭാവികമാണെന്നും ആവശ്യമായ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കി സഹകരിക്കുകയാണ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്നുമാണ് അന്വേഷണം നേരിടുന്ന ഈ ഐപിഎസ് ഉദ്യോഗസ്ഥരുടെ പക്ഷം.

ഹൈക്കോടതിയില്‍ ജേക്കബ് തോമസിനെതിരായ നിലപാട് സിബിഐ സ്വീകരിച്ചതിന് പിന്നില്‍ മധ്യമേഖലയില്‍ ഇപ്പോള്‍ ക്രമസമാധാന ചുമതലയിലിരിക്കുന്ന ഒരു ഐപിഎസ് ഉന്നതന്റെ ഇടപെടലുണ്ടെന്ന ആരോപണം നിലനില്‍ക്കെയായിരുന്നു ഐപിഎസ് ഉന്നതരെ ഐഎഎസ് ഉന്നതന്‍ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്.

Top