വിവാഹം കഴിക്കാത്തതാണ് തന്റെ സന്തോഷത്തിന് കാരണം: ബാബാ രാംദേവ്‌

പനാജി: വിവാഹം കഴിക്കാത്തതാണ് തന്റെ സന്തോഷത്തിന് കാരണമെന്ന് ബാബാ രാംദേവ്. ഭാര്യയും മക്കളുമില്ലാത്തതിനാല്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. വിവാഹം എന്നത് നിസാരകാര്യമല്ലെന്നും സന്തോഷമായി ജീവിക്കാന്‍ കുടുംബത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ഗോവ ഫെസ്റ്റ് 2018നെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ആചാര്യ ബാലകൃഷ്ണയ്‌ക്കൊപ്പം സ്ഥാപിച്ച പതഞ്ജലി ഗ്രൂപ്പിന്റെ വിജയത്തെക്കുറിച്ചു സംസാരിച്ച അദ്ദേഹം, കമ്പനി നോണ്‍-പ്രോഫിറ്റ് ചാരിറ്റബിള്‍ ട്രസ്റ്റായാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കമ്പനിയുടെ ലക്ഷ്യം ലാഭമല്ലെന്നും വ്യക്തമാക്കി.

രാജ്യത്തെ കൊള്ളയടിച്ച ഈസ്റ്റ് ഇന്ത്യ പോലെയുള്ള കമ്പനികളെ പാഠം പഠിപ്പിക്കണമെന്നത് ചെറുപ്പം മുതലെയുള്ള ആഗ്രഹമായിരുന്നു. മള്‍ട്ടിനാഷണല്‍ കമ്പനികളുടെ കൊള്ളയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് താന്‍ പഠിച്ചതെന്തോ അത് ഇവിടുത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നിക്ഷേപിച്ചത്.

”ഇവിടെ ആളുകള്‍ കുടുംബത്തിന് വേണ്ടിയാണ് ജീവിക്കുന്നത്. ഭാര്യയും മക്കളുമില്ലാതിരുന്നിട്ടും താന്‍ സന്തോഷമായി ജീവിക്കുന്നു. ഒരു കുഞ്ഞുണ്ടായാല്‍ ജീവിതകാലം മുഴുവന്‍ അതിനെ വഹിക്കേണ്ടിവരും. ഞാന്‍ സൃഷ്ടിച്ചത് ബ്രാന്‍ഡുകളാണ്. 2050ല്‍ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി മാറ്റാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് വേണ്ടി 1000ല്‍ അധികം ബ്രാന്‍ഡുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആഗ്രഹിക്കുന്നു”, ബാബാ രാംദേവ് പറഞ്ഞു.

Top