ശശികലയുടെ നൂറിലധികം ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയുടെ നൂറിലധികം ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു.

ജയാ ടിവി എംഡിയും ശശികലയുടെ ബന്ധുവുമായ വിവേക് ജയരാമനാണ് ഈ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്.

ശശികലയുടെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള വിവിധ സ്ഥലങ്ങളിലായുള്ള വസ്തുവകകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

തമിഴ്‌നാട്, പുതുച്ചേരി, ബെംഗളൂരു, ഹൈദരാബാദ്, തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ഇതിനു ശേഷമാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്.

പണമായി ആറുകോടി, 8.5 കിലോ സ്വര്‍ണം, 1200 കോടിയുടെ അനധികൃത നിക്ഷേപങ്ങള്‍ സംബന്ധിച്ച രേഖകള്‍, രത്‌നങ്ങള്‍ എന്നിവയാണ് ആദായനികുതി വകുപ്പ് കണ്ടെടുത്തത്.

മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ വഴി കോടിക്കണക്കിന് കള്ളപ്പണം നോട്ട് അസാധുവാക്കലിന് ശേഷം വെളിപ്പിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്.

20 കമ്പനികളുടെ പേരിലാണ് അക്കൗണ്ടുകള്‍. ഇവയുടെ രേഖകള്‍ വിവേക് ജയരാമന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുള്ളത്. ഈ അക്കൗണ്ടുകളിലെ പണം ഉപയോഗിച്ച് വിവേക് കോടികളുടെ ഇടപാടുകള്‍ നടത്തിയതായും സാധനങ്ങള്‍ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.

Top