‘Humiliated’ by Post-Demonetisation Events, RBI Staff Write to Urjit Patel

Reserve bank of india

മുംബൈ:രാജ്യത്ത് നിന്ന് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കലിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ അപമാനിക്കുന്നതാണെന്നു കാട്ടി റിസര്‍വ് ബാങ്ക് ജീവനക്കാര്‍ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനു കത്തെഴുതി.

നടപടിയില്‍ ഉണ്ടായ പിടിപ്പുകേടിനെതിരെയും കാര്യങ്ങളുടെ മേല്‍നോട്ടത്തിനായി പ്രതിനിധിയെ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയുമാണ് ജീവനക്കാരുടെ കത്ത്.

യുണൈറ്റഡ് ഫോറം ഓഫ് റിസര്‍വ് ബാങ്ക് ഓഫിസേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് എഴുതിയ കത്തിനെക്കുറിച്ചു ജീവനക്കാരുടെ സംഘടനകളായ ഓള്‍ ഇന്ത്യ റിസര്‍വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പ്രതിനിധി സമീര്‍ ഘോഷും ഓള്‍ ഇന്ത്യ റിസര്‍വ് ബാങ്ക് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധി സൂര്യകാന്ത് മഹാദിക്കും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രവര്‍ത്തനരീതിയിലെ പിടിപ്പുകേടുകൊണ്ട് ആര്‍ബിഐയുടെ സ്വയംഭരണാവകാശവും പ്രതിച്ഛായയും തീര്‍ത്തും മോശമായി. മാത്രമല്ല, കറന്‍സി മാനേജ്‌മെന്റിന്റെ മേല്‍നോട്ടത്തിനായി ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ നടപടി പ്രകടമായ കടന്നുകയറ്റമാണെന്നും കത്തില്‍ പറയുന്നു. ജീവനക്കാരുടെ ദശകങ്ങളായുള്ള പ്രവൃത്തികളും വിവേക ബുദ്ധിയോടു കൂടിയ നയരൂപീകരണവും കൊണ്ട് ആര്‍ബിഐ നേടിയെടുത്ത പ്രവര്‍ത്തന മികവും സ്വാതന്ത്ര്യവും വളരെക്കുറഞ്ഞ സമയം കൊണ്ടാണ് ഒന്നുമില്ലാതായത്. ഇക്കാര്യത്തില്‍ അങ്ങേയറ്റത്തെ വേദന തങ്ങള്‍ക്കുണ്ടെന്നും കത്തില്‍ പറയുന്നു.

വിഷയത്തില്‍ ഊര്‍ജിത് പട്ടേല്‍ ഉടന്‍ ഇടപെടണമെന്നും ജീവനക്കാര്‍ക്കുമേലുള്ള ഈ അപമാനം നീക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 1935 മുതല്‍ കറന്‍സി മാനേജ്‌മെന്റ് നടത്തുന്നത് ആര്‍ബിഐ ആണ്. ഇതിന് ധനമന്ത്രാലയത്തിന്റെ സഹായം ആവശ്യമില്ല. അത് അംഗീകരിക്കാനാകാത്തതാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്കിന്റെ 18,000ല്‍ അധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന നാല് സംഘടനകളാണു കത്തയച്ചിരിക്കുന്നത്.

Top