വിദ്യാര്‍ത്ഥി രാഷ്ട്രീയം പടിയിറങ്ങിയാല്‍ ഇനി എത്ര ജിഷ്ണു പ്രണോയിമാര്‍ ഉണ്ടാകും . . ?

സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചത് തെറ്റായി പോയി എന്ന് തുറന്ന് പറഞ്ഞത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രംഗത്ത് വന്ന് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമൊക്കെയായ എ.കെ.ആന്റണിയാണ്.

കലാലയ രാഷ്ട്രീയത്തിനെതിരെ ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തിയ ഒരു ഭരണമായിരുന്നു എ.കെ.ആന്റണി സര്‍ക്കാറിന്റേത്.

ഈ നടപടിയുടെ പ്രത്യാഘാതം നേരില്‍ മനസ്സിലാക്കി അടുത്തയിടെയാണ് തന്റെ മുന്‍ നിലപാട് എ.കെ.ആന്റണി തിരുത്തിയത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയം മഹാപാപമാണെന്ന് പറഞ്ഞ് രംഗത്തു വന്നവരില്‍ പലരും പിന്നീട് ആ നിലപാട് ഇതു പോലെ തിരുത്തിയതും കേരളം കണ്ടു.

രാഷ്ട്രീയമില്ലാത്ത കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗവും അരാജകത്വ പ്രവണതകളും വര്‍ദ്ധിച്ചു വരുന്നതില്‍ മാത്രമല്ല, അവിടങ്ങളില്‍ ജാതി-മത ശക്തികള്‍ പിടിമുറുക്കുന്നതിലെ അപകടം കൂടി തിരിച്ചറിഞ്ഞാണ് ആന്റണിക്ക് പോലും വൈകിയെങ്കിലും വിവേകം ഉദിച്ചത്.

എന്നാല്‍ ഇപ്പോള്‍ പൊന്നാനി എം.ഇ.എസ് കോളജിലെ ഒറ്റപ്പെട്ട സംഭവം മുന്‍ നിര്‍ത്തി കാമ്പസ് രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതി സുപ്രധാന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

22447647_443434736052104_1952996232_n

കാമ്പസുകളില്‍ രാഷ്ട്രീയം പാടില്ലെന്നതാണ് നിര്‍ദേശം.

സംസ്ഥാനത്തെ മുഴുവന്‍ കാമ്പസുകളെയും ബാധിക്കുന്ന ഈ ഉത്തരവ് വിദ്യാര്‍ത്ഥി സമൂഹത്തെയാകെ അമ്പരിപ്പിച്ചിരിക്കുകയാണ്.

ബഹുമാനപ്പെട്ട കോടതിക്കു മുന്നില്‍ വന്ന വിഷയത്തില്‍ ലഭ്യമായ തെളിവുകളും പ്രാഥമികവാദവും മുന്‍ നിര്‍ത്തിയാണ് കോടതി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിച്ചതെന്നത് വ്യക്തം.

പൊന്നാനി എം.ഇ.എസ് കോളജില്‍ നിന്നും പുറത്താക്കിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തതിനെതിരെയാണ് എം.ഇ.എസ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

വിദ്യാര്‍ത്ഥികള്‍ കോളജില്‍ പന്തല്‍ കെട്ടി സമരം ചെയ്യുന്ന ചിത്രങ്ങളും കോളജ് അധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പഠനവും സമരവും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയില്ലന്നും ഇങ്ങനെ ചെയ്യുന്നവരെ പുറത്താക്കാന്‍ ഏതു നടപടിയും മാനേജ്‌മെന്റിന് സ്വീകരിക്കാമെന്നും കോളേജ് അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ വിദ്യഭ്യാസ കച്ചവടക്കാര്‍ക്കും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന മാനേജ്‌മെന്റുകള്‍ക്കും ഏറെ ആവേശമുണ്ടാക്കുന്നതാണിത്.

രാഷ്ട്രീയ കേരളത്തെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്നതും.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പടിയടച്ച് പുറത്താക്കിയ കാമ്പസുകളിലും അരാഷ്ട്രിയ കാമ്പസുകളിലും എന്താണ് നടക്കുന്നതെന്ന് ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തോടെ നാം കണ്ടതാണ്.

ചോദ്യം ചെയ്യാന്‍ മുഷ്ടികള്‍ ഉയരാത്ത കാമ്പസുകളില്‍ മാനേജുമെന്റുകള്‍ നടത്തുന്ന വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ക്കെതിരെ രക്ഷിതാക്കള്‍ക്കു പോലും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ കണ്ട് സഹായം തേടേണ്ട സാഹചര്യംവരെ പലയിടത്തും ഉണ്ടായി.

22551693_443434729385438_1498148115_n

പാവപ്പെട്ടവന് പഠിക്കാനുള്ള അവകാശത്തിനു വേണ്ടി മാത്രമല്ല, ചിന്താശക്തിയുള്ള . . പ്രതികരണ ശേഷിയുള്ള . . ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും വിദ്യാര്‍ത്ഥി രാഷ്ട്രീയം കാമ്പസുകളില്‍ അനിവാര്യമാണ്.

കേരളത്തെ ഇന്നത്തെ പ്രബുദ്ധമായ കേരളമാക്കി മാറ്റിയതിനു പിന്നില്‍ ഇവിടുത്തെ പൊരുതുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് ആര്‍ക്കും അവഗണിക്കാന്‍ പറ്റാത്തതാണ്.

ഒറ്റപ്പെട്ട സംഭവങ്ങളെ അതേ രൂപത്തില്‍ വിലയിരുത്താനും സംസ്ഥാനത്തെ മൊത്തത്തില്‍ ബാധിക്കുന്ന വിഷയത്തെ അതിന്റേതായ ഗൗരവത്തോടെ കണ്ട് ബഹുമാനപ്പെട്ട ഹൈക്കോടതി മുന്‍പാകെ അവതരിപ്പിക്കാനും സംസ്ഥാന സര്‍ക്കാറും വിദ്യാര്‍ത്ഥി സംഘടനകളും ഉടന്‍ തയ്യാറാവണം.

ഹൈക്കോടതി ഈ മാസം 16ന് ഇതു സംബന്ധമായ ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അടിയന്തര ഇടപെടല്‍ അനിവാര്യമാണ്.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഭരിക്കുന്ന എസ് എഫ് ഐക്കും വിദ്യാര്‍ത്ഥി പോരാട്ടങ്ങളുടെ കൂടി ഉല്‍പന്നമായ ഇടതു സര്‍ക്കാരിനും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്വം അവര്‍ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

Team Express Kerala

Top