ഇനിയൊരു കെജ്‌രിവാള്‍ ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ, മോദിയെയും രാഹുലിനെയും നമുക്ക് വേണ്ട ; ഹസാരെ

Anna-Hazare

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ഗാന്ധിയന്‍ അണ്ണാ ഹസാരെ.

തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ്‌രിവാള്‍ ഉണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്ന് ഹസാരെ തുറന്നടിച്ചു.

ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അണ്ണാ ഹസാരയുടെ രൂക്ഷവിമര്‍ശനം.

ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാള്‍ 2011ല്‍ അണ്ണാ ഹസാരെ നയിച്ച അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ പ്രധാന പ്രവര്‍ത്തകനായിരുന്നു.

പിന്നീട് ഹസാരെയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കേജ്‌രിവാള്‍ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു പോവുകയായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഹസാരെയുടെ രൂക്ഷ വിമര്‍ശം.

മാത്രമല്ല, മാര്‍ച്ച് 23ന് രാജ്യതലസ്ഥാനത്ത് പടുകൂറ്റന്‍ റാലി സംഘടിപ്പിക്കുമെന്നും അതില്‍ കര്‍ഷകര്‍ പങ്കാളികളാകണമെന്നും ഹസാരെ ആവശ്യപ്പെട്ടു.

യഥാര്‍ഥ അര്‍ഥത്തിലുള്ള ജനാധിപത്യം ഇനിയും ഇന്ത്യയില്‍ സംജാതമായിട്ടില്ലെന്നും, നമുക്ക് മുതലാളികളുടെ സര്‍ക്കാരിനെയല്ല വേണ്ടതെന്നും, മോദിയെയും രാഹുലിനെയും നമുക്ക് വേണ്ടെന്നും, കര്‍ഷക താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെയാണ് നമുക്കാവശ്യമെന്നും ഹസാരെ വ്യക്തമാക്കി.

Top