ഫോണ്‍ കെണി; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപ് ഹൈക്കോടതിയില്‍

mangalam_saseendran

കൊച്ചി: ഫോണ്‍ ‘കെണി’ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മംഗളം ചാനല്‍ ന്യൂസ് എഡിറ്റര്‍ പ്രദീപ് ഹൈക്കോടതിയെ സമീപിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍ സംസ്ഥാന മന്ത്രിയായിരിക്കെ ഇപ്പോള്‍ സംസ്ഥാനത്തെ ഒരു ഏജന്‍സി അന്വേഷിച്ചാലും സത്യാവസ്ഥ പുറത്തു വരില്ലെന്ന് അഡ്വ.സിയാദ് മുഖാന്തരം സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രദീപ് ചൂണ്ടിക്കാട്ടി.

ഫോണ്‍ ‘കെണി’ സംഭവത്തില്‍ അറസ്റ്റിലായി റിമാന്റിലായിരുന്ന വ്യക്തിയാണ് ഹര്‍ജിക്കാരന്‍. ഇതേ സ്ഥാപനത്തിലെ ജീവനക്കാരി ശശീന്ദ്രനെതിരായ പരാതി പിന്‍വലിച്ചതിനു ശേഷമായിരുന്നു ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ അവസരമൊരുങ്ങിയിരുന്നത്.

മംഗളം ചാനലില്‍ തന്നെ ഈ ‘ഒത്തുതീര്‍പ്പിനെതിരെ’ ശക്തമായ വികാരം ഉയര്‍ന്നു എന്നതിന്റെ പ്രതികരണം കൂടിയാണ് ന്യൂസ് എഡിറ്ററുടെ അപ്രതീക്ഷിത ഹര്‍ജി. കേന്ദ്ര ഏജന്‍സി ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ അനുവദിച്ച് കിട്ടുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി.

സി.ബി.ഐ അന്വേഷണത്തിന് കളമൊരുങ്ങുന്ന കാര്യം ആദ്യമായി express Kerala യാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ ഹര്‍ജിയില്‍ നോട്ടീസ് വന്നാല്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിക്കുമെന്നാണ് സൂചന.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരമായി ഈ കേസ് മാറും. ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണമടക്കം ഇനി സി.ബി.ഐ അന്വേഷണം വന്നാല്‍ പരിശോധിക്കുമെന്നത് ശശീന്ദ്രന് കുരുക്കായി മാറാനാണ് സാധ്യത.

റിപ്പോര്‍ട്ട്: എം വിനോദ്

Top