Honey trapping: Oommen Chandy forbids police from investigation

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ തലവനായ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനടക്കം കുടുങ്ങിയ ഹണി ട്രാപ്പിങ്ങുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി ലഭിച്ചിട്ടും അന്വേഷണത്തിന് ഡി ജി പി ഉത്തരവിടാതിരുന്നതിന് പിന്നിൽ ഉന്നത സമ്മർദ്ദം.

അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമാണ് അന്വേഷണം ആവശ്യമാണെന്ന സംസ്ഥാന പൊലീസ് മേധാവിയുടെയും ഇന്റലിജൻസ് മേധാവിയുടെയും നിലപാടിന് എതിര് നിന്നതെന്നാണ്‌ അറിയുന്നത്.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഇത്തരമൊരു സംഭവത്തിൽ അന്വേഷണം നേരിടേണ്ട സാഹചര്യം സർക്കാറിന് തന്നെ നാണക്കേടാവുമെന്ന് കണ്ടായിരുന്നുവത്രെ ഈ നിലപാട്.

ഔദ്യോഗികമായി ഒരു അന്വേഷണത്തിന് ഈ നിലപാട് തടസ്സമായെങ്കിലും സ്വന്തം നിലക്ക് രഹസ്യമായി ഹണി ട്രാപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇന്റലിജൻസ് ശേഖരിച്ചിരുന്നതായാണ് സൂചന.

ലഭിച്ച വിവരങ്ങൾ മുഖ്യമന്ത്രിക്ക് ഡിജിപി യും ഇന്റലിജൻസ് മേധാവിയും കൈമാറുകയും ചെയ്തു. express Kerala കഴിഞ്ഞ വർഷം ജനുവരി ഏഴിന് ആദ്യമായി പുറത്ത് വിട്ട വാർത്തയിൽ പറഞ്ഞ കാര്യങ്ങൾ സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് പൊലീസിന് അന്ന് ലഭിച്ചത്.

‘മാലാഖ’യുടെ സൗന്ദര്യത്തിൽ മഴങ്ങി ഹിഡൻ ക്യാമറയിൽ കുരുങ്ങിയവരിൽ ചില രാഷ്ട്രീയക്കാരും ഉൾപ്പെട്ടിട്ടുണ്ടത്രേ. ഇതും യുഡിഎഫ് സർക്കാറിനെ സംബന്ധിച്ച് അന്വേഷണത്തിൽ നിന്ന് പിന്നോട്ട് പോകുന്നതിന് ഇടയാക്കിയ കാര്യമാണ്.

പ്രോജക്ട് എന്ന ചൂണ്ടയിട്ട് ഐഎഎസുകാരുൾപ്പെടെയുള്ളവരെ കെണിയിലാക്കിയ ‘മാലാഖ’ വേറെ എത്ര പേരെ ഇതുപോലെ കുരുക്കിയിട്ടുണ്ടെന്നും ഇതിന് പിന്നിൽ ആരാണെന്നും എത്ര തുകക്കാണ് ഒത്തുതീർപ്പുണ്ടാക്കിയതെന്നും ഈ പണം ‘ഇരകൾ’ എങ്ങനെ സമ്പാദിച്ചുവെന്നതും അതീവ ഗൗരവമുള്ള കാര്യമാണ്.

വഴിവിട്ട് ഏതൊക്കെ പ്രോജക്ടുകൾക്ക് ഐഎഎസ് ഉന്നതർ അനുമതി നൽകാനിരുന്നു എന്നതും കേരളമറിയേണ്ട സത്യമാണ്. സംസ്ഥാന വിജിലൻസ് പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷിക്കേണ്ടിയിരുന്ന സംഭവവും കൂടിയാണിത്.

യുഡിഎഫ് സർക്കാറിന്റെ കാലത്ത് ഒതുക്കപ്പെട്ട ഹണി ട്രാപ്പിങ്ങ് സംബന്ധമായി ഉന്നതതല അന്വേഷണത്തിന് പിണറായി സർക്കാർ ഉത്തരവിടുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

Top