സ്‌കൂട്ടര്‍ സങ്കല്‍പ്പങ്ങൾക്ക് പുതിയ മാറ്റവുമായി ഹോണ്ടയുടെ ‘ക്ലിക്ക്’ പുറത്തിറക്കി

സ്‌കൂട്ടറിനും ബൈക്കിനുമിടയിലെ പുതിയൊരു സെഗ്മെന്റ് സൃഷ്ടിക്കാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കൂട്ടര്‍ നിര്‍മാതാവായ ഹോണ്ട ഇപ്പോള്‍ ശ്രമിക്കുന്നത്.

ആകര്‍ഷക രൂപകല്‍പ്പനയിലൂടെ സ്ത്രീ, പുരുഷ ഭേദമില്ലാതെ യുവാക്കളെ ആകര്‍ഷിക്കാനായി ഹോണ്ട പുറത്തിറക്കിയ പുതിയ വാഹനമാണ് ‘ക്ലിക്ക്’.

ഒരു കാലത്തെ പങ്കാളിയായിരുന്ന ഹീറോയുടെ പ്രധാന വിപണിയാണ് ക്ലിക്കിലുടെ ഹോണ്ട ലക്ഷ്യം വെയ്ക്കുന്നത്.

രാജ്യത്തെ റൂറല്‍ വിപണിയിലെ ഹീറോയുടെ കരുത്തായ കമ്യുട്ടര്‍ ബൈക്കുകളുടെ ചെറിയൊരു വിഹിതം ക്ലിക്കിലുടെ നേടാവും എന്നാണ് ഹോണ്ട ലക്ഷ്യമാക്കുന്നത്. അതിനാൽ തന്നെയാണ് ബൈക്കും സ്‌കൂട്ടറിനും ഇടയിലാണ് ക്ലിക്കിന്റെ സ്ഥാനം എന്ന് അവകാശപ്പെടുന്നതും.
മറ്റ് സ്‌കൂട്ടറുകളില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ക്ലിക്ക്. ഹോണ്ട ഡിയോയുടേതുപോലെ ഫൈബര്‍ ബോഡിയാണ് ക്ലിക്കിനും.

ക്ലിക്കിന്റെ ഹാന്‍ഡില്‍ ബാറിന് താഴെയായാണ് മീറ്റര്‍ കണ്‍സോള്‍ നല്‍കിയിരിക്കുന്നത്.

ബൈക്കുകളുടേതിനോട് സമാനമാണ് ക്ലിക്കിന്റെ ഹാന്‍ഡില്‍ ബാര്‍. ഹെഡ്‌ലൈറ്റും ഇന്റികേറ്ററും ബോഡി പാനലിൽ തന്നെ ചേർത്തിരിക്കുന്നു.

വശങ്ങളില്‍ ഹോണ്ട നവിയുടെ ചില ഘടകങ്ങളുണ്ട്. വീതിയേറിയ ഫുട്‌ബോര്‍ഡ്, സീറ്റിനടിയില്‍ ആവശ്യത്തിനു സംഭരണസ്ഥലം തുടങ്ങിയവയ്‌ക്കൊപ്പം അധിക ഗ്രിപ്പിനായി ഇതാദ്യമായി ബ്ലോക്ക് പാറ്റേണ്‍ ടയറുകളും ഹോണ്ട ‘ക്ലിക്കി’ല്‍ നല്‍കിയിട്ടുണ്ട്.

ആക്ടീവ ഫോര്‍ ജി. ആക്ടീവ ഐ, ഡിയോ എന്നീ മോഡലുകളില്‍ കഴിവു തെളിയിച്ച 109 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ക്ലിക്കിനും. 7000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8.94 എന്‍എം ടോര്‍ക്കുമുണ്ട് എന്‍ജിന്.

ആക്ടീവയുടെ സമാനമായ റിഫൈന്‍ഡായ എന്‍ജിനും പെര്‍ഫോമന്‍സാണ് ക്ലിക്കിനും. എന്നാല്‍ ചെറിയ ഇന്ധന ടാങ്കാണ് ഉപയോഗിച്ചിരിക്കുന്നത്.

3.5 ലീറ്ററാണ് ഇന്ധനടാങ്കിന്റെ കപ്പാസിറ്റി. ഹോണ്ടയുടെ എച്ച്ഇടി ടെക്‌നോളജി പ്രകാരം നിര്‍മിച്ച എന്‍ജിന്‍ 60 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ക്ലിക്കിന് ആക്ടീവയെക്കാള്‍ ഭാരം കുറവാണ് അതുകൊണ്ടു തന്നെ എളുപ്പം ഹാന്‍ഡില്‍ ചെയ്യാം. ഉയരം കൂടിയ ആളുകള്‍ക്കും എളുപ്പം ഉപയോഗിക്കാവുന്ന തരത്തിലാണ് നിര്‍മ്മാണം.

ക്ലിക്കിന് 1241 എംഎം വീല്‍ബെയ്‌സുണ്ട്, ആക്ടീവയെക്കാള്‍ 3 എംഎം കൂടുതല്‍. മുന്നിലും പിന്നിലും 10 ഇഞ്ച് വീലുകള്‍ ഉപയോഗിക്കുന്ന ക്ലിക്കിന് 130 മിമീ ഡ്രം ബ്രേക്കുകളാണ്.

മോശമായ റോഡില്‍ മെച്ചപ്പെട്ട ഗ്രിപ്പ് ഉറപ്പാക്കുന്നതിന് പ്രത്യക ബ്ലോക്ക് പാറ്റേണ്‍ ടയറുകളും നല്‍കിയിരിക്കുന്നു.

ഹോണ്ടയുടെ കോംബി ബ്രേക്ക് സിസ്റ്റവും ക്ലിക്കിനുണ്ട്. സീറ്റ് ഉയരം കുറവാണ് 743 മിമീ. ഭാരം 102 കിലോഗ്രാമേയുള്ളൂ.

ട്രാഫിക്ക് തിരക്കിനിടയ്ക്ക് സ്‌കൂട്ടര്‍ അനായാസം കൈകാര്യം ചെയ്യുന്നതിന് ഭാരക്കുറവ് സഹായകമാകും. ഗ്രൗണ്ട് ക്ലിയറന്‍സ് 154 മിമീ.

സീറ്റിന് അടിയില്‍ മൊബൈല്‍ ചാര്‍ജിങ് സോക്കറ്റ് നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ക്ലിക്ക് ഉപയോഗിക്കാം. റെഡ്, ബ്ലൂ, ബ്ലാക്ക്, ഗ്രേ എന്നീ ബോഡി നിറങ്ങളില്‍ ഹോണ്ട ക്ലിക്ക് ലഭ്യമാണ്.

Top