അമെയ്‌സിനു ശേഷം ജാസിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാനൊരുങ്ങി ഹോണ്ട കാര്‍സ്

ഹോണ്ട കാര്‍സിന്റെ പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനൊരുങ്ങി കമ്പനി. പുതിയ അമെയ്‌സിനു ശേഷം ജാസിന്റെ പരിഷ്‌കരിച്ച പതിപ്പ് ജൂലൈ അവസാനത്തോടെ വിപണികളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രൂപത്തില്‍ വന്‍തോതിലുള്ള മാറ്റങ്ങള്‍ പുതിയ പതിപ്പിനില്ല. വലിയ എയര്‍ ഇന്‍ടേക്ക് വെന്റുകളോടു കൂടിയ പുതിയ ഫ്രണ്ട് ബമ്പര്‍ , നവീകരിച്ച ഗ്രില്‍ , പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍ . പുതിയ അമെയ്‌സ് സെഡാനിന്റെ തരമാണ് അലോയ് വീലുകള്‍. സ്വയം പ്രകാശിക്കുന്ന ഹെഡ്‌ലാംപും പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാണ് മറ്റ് പ്രത്യേകതകള്‍.

എഞ്ചിനും മാറ്റമില്ലാതെ തന്നെയാണ് ഹോണ്ട ജാസിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. 1.2 ലീറ്റര്‍ പെട്രോള്‍ , 1.5 ലീറ്റര്‍ ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ജാസിന്. പെട്രോള്‍ വകഭേദത്തിന് അഞ്ച് സ്പീഡ് മാന്വല്‍ , സിവിടി ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സുകളുണ്ട്. ആറ് മാന്വല്‍ ഗീയര്‍ബോക്‌സാണ് ഡീസല്‍ വകഭേദത്തിന്. പുതിയ അമെയ്‌സിലുളള തരം സിവിടി ട്രാന്‍സ്മിഷന്‍ ഡീസല്‍ ജാസിനു നല്‍കാന്‍ ഇടയുണ്ട്.

ആറ് ലക്ഷം രൂപ മുതല്‍ 9.4 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന ജാസ് ഹ്യുണ്ടായി എലൈറ്റ് ഐ 20 , മാരുതി ബലേനോ എന്നീ മോഡലുകളുമായാണ് മത്സരിക്കുന്നത്. 2009 ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ജാസിന്റെ മൂന്നാം തലമുറയാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

Top