പിണറായി സര്‍ക്കാറിനെ കേന്ദ്രം ‘നമ്പുന്നില്ല’ ചൈനയോട് നേരിട്ട് ഇടപാടുകള്‍ വേണ്ടന്ന്

ന്യൂഡല്‍ഹി: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് മൂക്കുകയറിട്ട് കേന്ദ്ര സര്‍ക്കാര്‍.

ചൈന അടക്കുള്ള രാജ്യങ്ങളുമായി സംസ്ഥാനങ്ങള്‍ നേരിട്ട് ബന്ധപ്പെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് പിണറായി സര്‍ക്കാറിന്റെ ‘ഇടപെടല്‍’ ഒഴിവാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ്.

കേരളത്തിലെ മന്ത്രിമാര്‍ നടത്തിയ ചൈന സന്ദര്‍ശനവും, ചൈനീസ് അംബാസിഡര്‍ ലു വോ ചാഹുവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് കൂടിക്കാഴ്ച നടത്തിയതുമെല്ലാം കേന്ദ്ര സര്‍ക്കാറിനെ അസ്വസ്ഥമാക്കിയിരുന്നു.

കൃഷി, ഭവന നിര്‍മ്മാണം, പൊതുഗതാഗത സംവിധാനം, തടയണ നിര്‍മാണം എന്നീ മേഖലകളില്‍ സാങ്കേതിക സഹായം ചൈന വാഗ്ദാനം ചെയ്തിരുന്നു. കേരളത്തില്‍ നിന്നും തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ പറഞ്ഞയക്കണമെന്ന അംബാസിഡറുടെ നിര്‍ദ്ദേശത്തിന്‍ മേല്‍ പിണറായി സര്‍ക്കാര്‍ തീരുമാനം എടുക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കര്‍ വഴിമുടക്കിയിരിക്കുന്നത്.

സമ്പദ് ഘടനയുടെ പ്രാഥമികമായ വികസനങ്ങള്‍ക്ക് സഹായങ്ങള്‍ സ്വീകരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരമാണ് ഇതോടെ ഇല്ലാതാകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് രാജ്യവുമായി ലോകത്ത് ആദ്യമായി ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ പിന്‍തുടര്‍ച്ചക്കാര്‍ ബന്ധം സ്ഥാപിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലന്ന നിലപാടിലാണ് മോദി സര്‍ക്കാര്‍.

Pinarayi Vijayan,CPM,China

പ്രത്യേകിച്ച് കേന്ദ്രം കേരളത്തോട് അവഗണന കാട്ടുന്നു എന്ന സി.പി.എം നേതാക്കളുടെ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായി സഹകരണമുണ്ടാക്കുന്നത് ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്.

ചൈനയെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്നാരോപിച്ച് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യമായി രംഗത്ത് വന്നിരുന്നു. ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്ന കോടിയേരിയുടെ പ്രസ്താവന വലിയ വിവാദത്തിനും വഴിമരുന്നിട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം ഗൗരവത്തോടെ കണ്ട കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൂടിയാണ് കടുത്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദോക് ലാമിലെ അതിര്‍ത്തി തര്‍ക്കത്തിനു ശേഷം പാക്കിസ്ഥാനെതിരെയും ചൈനക്കെതിരെയും ഇന്ത്യക്ക് ഒരേ സമയം പോരാടേണ്ട സാഹചര്യമാണുള്ളതെന്ന് കരസേന മേധാവിയും മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി നടത്തുന്ന കൂടിക്കാഴ്ചകളെ കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികളും ഗൗരവത്തോടെയാണ് വീക്ഷിച്ചിരുന്നത്.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളം സന്ദര്‍ശിച്ച സമയത്തു തന്നെ ആയിരുന്നു ചൈനീസ് അംബാസിഡറുമായുള്ള പിണറായിയുടെ ചര്‍ച്ചയും നടന്നിരുന്നത്.

സോവിയറ്റ് യൂണിയന്‍ കമ്യൂണിസ്റ്റ് ഭരണത്തില്‍ ശക്തമായി നിലനിന്ന കാലത്തുപോലും ചൈനയുമായിട്ടായിരുന്നു സി.പി.എം നേതാക്കള്‍ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നത്.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അടുത്ത ബന്ധമാണ് ഉള്ളത്.

കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴിയേ വിദേശ രാജ്യങ്ങളുമായും അവിടുത്തെ സംഘടനകളുമായും കത്തിടപാടുകള്‍ നടത്താവൂ എന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചൈനക്കു പുറമെ അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുമായും നേരിട്ട് സംസ്ഥാനങ്ങള്‍ ബന്ധപ്പെടരുതെന്നാണ് നിര്‍ദ്ദേശം.

Pinarayi Vijayan,CPM,China

മനുഷ്യക്കടത്ത്, ലഹരി വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട് കരുതല്‍ വേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇറാഖ്, സിറിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണുള്ളത്.

ചൈനീസ് പ്രസിഡന്റ് ഉള്‍പ്പെടെ ചൈനയിലെ കമ്യൂണിസ്റ്റ് നേതാക്കളുമായി സീതാറാം യച്ചൂരി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുടെ അടുപ്പവും മോദി സര്‍ക്കാര്‍ സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്.

മുന്‍പ് ഇന്ത്യ-ചൈന യുദ്ധകാലത്ത് ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ചതിന് നിരവധി സി.പി.എം പ്രവര്‍ത്തകരെ തുറങ്കിലിലടച്ചിരുന്നു. ഇന്ത്യ-ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് താത്വികാചാര്യന്‍ ഇ.എം.എസ് നടത്തിയ അഭിപ്രായപ്രകടനവും വിവാദമായിരുന്നു.

ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടെതെന്നും പറയുന്ന പ്രദേശത്തെ ചൊല്ലിയാണ് തര്‍ക്കമെന്ന രീതിയിലായിരുന്നു ഇ.എം.എസിന്റെ പ്രതികരണം.

Top