hoax hijack email to cancel the trip with girlfriend

arrest

ഹൈദരാബാദ്: പെണ്‍ സുഹൃത്തുമൊത്ത്‌ വിനോദയാത്ര പോകാന്‍ താത്പര്യമില്ലാത്തതിനാല്‍ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് പൊലീസിന് ഇ-മെയില്‍ സന്ദേശമയച്ച യുവാവ് അറസ്റ്റില്‍.

ഹൈദരാബാദ് മിയാപുരിലെ ബിസ്സിനസ്സുകാരനായ വംശി ചൗധരിയാണ് വിനോദയാത്ര ഒഴിവാക്കാന്‍ വ്യാജ സന്ദേശമയച്ചതിന് അറസ്റ്റിലായത്.

വംശിയുടെ സുഹൃത്തും ചെന്നൈ സ്വദേശിയുമായ സ്ത്രീ തനിക്ക് വിനോദയാത്ര പോകണമെന്ന ആഗ്രഹം വംശിയോട് പങ്കുവെച്ചിരുന്നു. തനിക്ക് മുംബൈയിലേക്കും ഗോവയിലേക്കും വിമാനടിക്കറ്റ് എടുത്ത് നല്‍കാനും വംശിയോട് ഇവര്‍ ആവശ്യപ്പെട്ടു. മുംബൈയില്‍ വെച്ച് പരസ്പരം കാണാമെന്നും പറഞ്ഞു. എന്നാല്‍ പെണ്‍സുഹൃത്ത് ആവശ്യപ്പെട്ട പ്രകാരം ടിക്കറ്റ് എടുത്ത് നല്‍കാനും തുടര്‍ന്നുള്ള ചിലവുകള്‍ക്കും കാശില്ലാതിനാല്‍ വ്യാജ ടിക്കറ്റാണ് വംശി ഇവര്‍ക്ക് എടുത്ത് നല്‍കിയത്.

തുടര്‍ന്ന് ഏപ്രില്‍ 15ന് വിമാനം ആറ് പേര്‍ ചേര്‍ന്ന് ഹൈജാക്ക് ചെയ്യുമെന്ന സന്ദേശവും വംശി മുബൈ പൊലീസിന് ഇ-മെയില്‍ വഴി അയച്ചു. ആറ് പേരടങ്ങുന്ന സംഘം ചെന്നൈയില്‍ നിന്നും മുബൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും പുറപ്പെടുന്ന വിമാനം ഹൈജാക്ക് ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

തട്ടിക്കൊണ്ടു പോകല്‍ ഭീഷണിയെത്തുടര്‍ന്ന് പെണ്‍സുഹൃത്ത് വിമാനയാത്ര ഒഴിവാക്കാനാണ് വംശി ഈ വളഞ്ഞ വഴി പ്രയോഗിച്ചത്. ഐ പി അഡ്രസ്സ് പിന്തുടര്‍ന്നാണ് അന്വേഷണം വംശിയിലേക്കെത്തിയത്.

Top