ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിച്ച് അവരുടെ തെറ്റ് തിരുത്തണം ;പ്രസ്താവന മയപ്പെടുത്തി കമല്‍ഹാസന്‍

ചെന്നൈ: ഇന്ത്യയിലെ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിക്കുകയും തെറ്റ് ചെയ്താല്‍ അവരെ തിരുത്തുകയും ചെയ്യണമെന്ന് കമല്‍ഹാസന്‍.

തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനില്‍ എഴുതുന്ന പംക്തിയിലാണ് കമല്‍ഹാസന്റെ പരാമര്‍ശം.

‘ഹിന്ദുക്കള്‍ ഇന്ന് ഭൂരിപക്ഷമാണ്. മുതിര്‍ന്ന സഹോദരന്റെ ഉത്തരവാദിത്തമാണ് അവര്‍ക്കുള്ളത്. തങ്ങള്‍ വലുതാണെന്ന് ഹിന്ദുക്കള്‍ അവകാശപ്പെടുമ്പോള്‍ അവരുടെ ഹൃദയം വിശാലമാണെന്ന് കൂടി അവര്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. അവര്‍ മറ്റുള്ളവരെ അംഗീകരിക്കുകയും തെറ്റു ചെയ്യുന്നുവെങ്കില്‍ തിരുത്തുകയും വേണം. കുറ്റം ചെയ്തവരെ ശിക്ഷിക്കാനുള്ള അധികാരം കോടതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതവര്‍ ചെയ്യട്ടെ’, ലേഖനത്തില്‍ കമല്‍ പറയുന്നു.

തന്റെ വായനക്കാര്‍ നികുതി അടയ്ക്കണമെന്നും നികുതി അടയ്ക്കാതിരിക്കുന്നത് വഞ്ചനയാണെന്നും അദ്ദേഹം ലേഖനത്തില്‍ കുറിച്ചു.

വലതു പക്ഷത്തിന് തീവ്രവാദികളെ വെല്ലുവിളിക്കാനുള്ള അവകാശമില്ലെന്നും കാരണം തീവ്രവാദം അവരുടെ ക്യാമ്പുകളിലും പ്രവേശിച്ചിട്ടുണ്ടെന്നുമുള്ള കമല്‍ഹാസന്റെ തൊട്ടു മുമ്പത്തെ പംക്തിയിലെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

എന്നാല്‍ ഭീഷണികള്‍ക്കും നിയമ നടപടികള്‍ക്കുമൊടുവില്‍ വിശദീകരണവുമായി കമല്‍ഹാസന്‍ രംഗത്ത് വന്നിരുന്നു.

താനെവിടെയും ഹിന്ദു തീവ്രവാദം എന്ന വാക്ക് ഉപയോഗിച്ചില്ലെന്നായിരുന്നു കമല്‍ഹാസന്റെ ന്യായീകരണം.

Top