ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്പോള്‍ ഇന്ത്യയില്‍ ഹിന്ദുമുസ്ലീം കളി ; പരിഹാസവുമായി ഹര്‍ഭജന്‍ സിങ്

ഛണ്ഡീഗഡ് : ഹിന്ദുമുസ്ലീം വാദത്തിന് പരിഹാസവുമായി ഹര്‍ഭജന്‍ സിങ്. ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്പോള്‍ ഇന്ത്യയില്‍ ഹിന്ദുമുസ്ലീം കളിയാണ് നടക്കുന്നത് എന്നാണ് ഹര്‍ഭജന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത്.

നിങ്ങളുടെ ചിന്ത മാറ്റൂ രാജ്യം തന്നെ മാറുമെന്ന ഹാഷ് ടാഗോടേയാണ് ഹര്‍ഭജന്റെ ട്വീറ്റ്. 50 ലക്ഷം മാത്രം ജനസംഖ്യയുളള ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്പോള്‍ 135 കോടി ജനസംഖ്യയുളള ഇന്ത്യയില്‍ ഹിന്ദുമുസ്ലീം കളിയാണ് നടക്കുന്നതെന്നാണ് ഹര്‍ഭജന്റെ പരിഹാസം.

കഴിഞ്ഞ ദിവസം ലോകമെങ്ങും ലോകകപ്പ് ആവേശത്തില്‍ ക്രൊയേഷ്യയെ ഉറ്റുനോക്കിയപ്പോള്‍ രാജ്യത്ത് ഹിന്ദു മുസ്ലീം സംഘര്‍ഷവാര്‍ത്തകള്‍ വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹര്‍ഭജന്‍ പരിഹാസവുമായി രംഗത്തെത്തിയത്.

ഉത്തര്‍പ്രദേശില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്‍മാരുടെ മാത്രം പാര്‍ട്ടിയായി മാറിയോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പല വിമര്‍ശനങ്ങളും മറ്റും ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഹര്‍ഭജന്റെ വരവ്.

Top