പ്രധാനമന്ത്രിയുടെ ‘പരീക്ഷ പര്‍ ചര്‍ച്ച’ യില്‍ ദളിത് വിദ്യാര്‍ത്ഥികളെ ഇരുത്തിയത് കുതിരലായത്തില്‍

pm

കുളു: ഹിമാചല്‍ പ്രദേശ് കുളുവിലെ ഹൈസ്‌കൂളിലെ ദളിത് വിദ്യാര്‍ഥികള്‍ക്ക് നേരെ സ്‌കൂള്‍ അധികൃതരില്‍ നിന്നും അവഗണന. വിദ്യാര്‍ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ‘പരീക്ഷ പര്‍ ചര്‍ച്ച’ എന്ന പരിപാടി ടെലിക്കാസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഇരിപ്പിടവുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥികള്‍ അവഗണന നേരിട്ടത്.

ദളിത് വിദ്യാര്‍ഥികള്‍ക്ക് സീറ്റ് തയാറാക്കിയത് സ്‌കൂളിന് പുറത്ത് കുതിരലായത്തിലെന്ന് പരാതിയുമായി വിദ്യാര്‍ഥികളാണ് രംഗത്തെത്തിയത്. കുളുവിലെ ഡെപ്യൂട്ടി കമ്മീഷണര്‍ യൂനുസിനാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. സ്‌കൂളിലെ മെഹര്‍ ചന്ദ് എന്ന അധ്യാപകനെതിരെയാണ് പരാതിയുമായി വിദ്യാര്‍ഥികള്‍ മുന്നോട്ട് വന്നത്. നിങ്ങള്‍ക്കുള്ള ഇരിപ്പിടം സ്‌കൂളിന് പുറത്ത് തയാറാക്കിയിട്ടുണ്ടെന്നും ഒരു കാരണവശാലും പരിപാടിയുടെ ഇടയ്ക്ക് പോകരുതെന്നും അദ്ദേഹം കര്‍ശനമായി നിര്‍ദ്ദിശിച്ചിരുന്നെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

സ്‌കൂളില്‍ ജാതീയതയുണ്ടെന്നും പട്ടിക ജാതി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളെ പ്രത്യേകമായാണ് സ്‌കൂളില്‍ ഇരുത്തുന്നതെന്നും, കൂടാതെ ഉച്ചഭക്ഷണ സമയത്ത് പ്രത്യേകം മാറ്റി ഇരുത്തിയാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നതെന്നും വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നു. തങ്ങളുടെ നോട്ട് ബുക്കിന്റെ പേപ്പറിലാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്.

സ്‌കൂളിലെ പ്രധാന അധ്യാപകന് പരാതി നല്‍കിയിട്ടും അദ്ദേഹം ഇടപ്പെട്ടില്ലെന്നും, സ്‌കൂളില്‍ തൊട്ടു കൂടായ്മ നടപ്പിലാക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം വന്നപ്പോള്‍ മറ്റ് അധ്യാപകര്‍ പ്രധാന അധ്യാപകനെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അതേ സമയം സംഭവത്തില്‍ മാപ്പു ചോദിച്ച് പ്രധാന അധ്യാപകന്‍ രഞ്ജന്‍ ഭരദ്വാജ് രംഗത്തെത്തിയിരുന്നു. ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, വിദ്യാഭ്യാസ മന്ത്രി സുരേഷ് ഭരദ്വാജ് സ്‌കൂളില്‍ നടക്കുന്ന ജാതി വേര്‍തിരിവിനെ കുറിച്ചും വിദ്യാര്‍ഥികള്‍ നേരിട്ട പ്രശ്‌നത്തെ കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രദേശിക വിദ്യാഭ്യാസ വകുപ്പിനോട് വിദ്യാഭ്യാസ സെക്രട്ടറി അരുണ്‍ ശര്‍മ്മ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കമ്മീഷണര്‍ യുനൂസ് അറിയിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. പ്രധാന അധ്യാപകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും, സംഭവം സത്യമാണെങ്കില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Top