ട്രംപിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത അധിക്ഷേപങ്ങള്‍ കിമ്മിനെ ത്രില്ലടിപ്പിക്കുന്നുവെന്ന് ഹിലറി ക്ലിന്റന്‍

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍.

അപകടകരവും ദീര്‍ഘവീക്ഷണവുമില്ലാത്ത ട്രംപിന്റെ ട്വിറ്റര്‍ അധിക്ഷേപങ്ങള്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനാണ് ഗുണമാകുന്നതെന്ന് ഹിലരി പറഞ്ഞു.

അമേരിക്കയുടെ വിശ്വാസ്യത സംബന്ധിച്ച് പല സഖ്യരാജ്യങ്ങളും ഉത്കണ്ഠാകുലരാണ്, സംഘര്‍ഘ സാധ്യതയ്ക്കുള്ള നീക്കങ്ങള്‍ ട്രംപിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്നും ഹിലരി അറിയിച്ചു.

ഒരേയൊരു കാര്യം മാത്രമേ ഉത്തരകൊറിയയ്‌ക്കെതിരെ ഫലപ്രദമാകുകയുള്ളൂവെന്നും ട്രംപ് പറഞ്ഞിരുന്നു. യുദ്ധത്തെപ്പറ്റിയുള്ള ആ പരോക്ഷ പരാമര്‍ശവും ആശങ്കകളേറ്റുന്നതായിരുന്നു. അത്തരം ‘യുദ്ധ’ ഭീഷണികള്‍ അപകടകരവും ദീര്‍ഘവീക്ഷണമില്ലാത്തതുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

യുഎസിന്റെ തലവനില്‍ നിന്ന് ഇത്തരമൊരു ‘വ്യക്തിപരമായ പ്രത്യേകശ്രദ്ധ’ ലഭിക്കുന്നത് കിമ്മിനെയും ‘ത്രില്ലടിപ്പി’ക്കുന്നുണ്ടാകും. ഉത്തര കൊറിയന്‍ വിഷയത്തിനു നയതന്ത്രതലത്തില്‍ പരിഹാരം കാണേണ്ട വിദഗ്ധരുടെ സര്‍ക്കാര്‍ യുഎസിനു നഷ്ടപ്പെട്ടിരിക്കുകയാണ്. ഏഷ്യന്‍ വിഷയങ്ങളില്‍ മികച്ച ഇടപെടല്‍ നടത്താനാകുന്ന മുതിര്‍ന്ന അംഗങ്ങള്‍ കുറവാണെന്നും ഹിലരി വ്യക്തമാക്കി.

Top