നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം; സര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനത്തിന് സ്റ്റേ

high-court

കൊച്ചി: നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കാന്‍ തീരുമാനിച്ച വിജ്ഞാപനത്തിന് സ്റ്റേ. ഹൈക്കോടതിയാണ് വിജ്ഞാപനമിറക്കുന്നത് സ്റ്റേ ചെയ്തിരിക്കുന്നത്. ഈ മാസം 31-ന് അന്തിമ വിജ്ഞാപനം ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

നഴ്‌സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച അവസാന വിജ്ഞാപനത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.

ശമ്പള പരിഷ്‌കരണം നടപ്പാക്കിയാല്‍ ആശുപത്രികള്‍ക്കു വലിയ പ്രതിസന്ധിയുണ്ടാകുമെന്നും രോഗികളുടെ ചികിത്സാഭാരം കൂടുമെന്നും മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. എന്നാല്‍ കേസില്‍ വാദം തുടരുമെന്നും വിജ്ഞാപനം ഇറക്കുന്നത് സ്റ്റേ ചെയ്യുന്നതായും കോടതി ഉത്തരവിടുകയായിരുന്നു.

ശമ്പളവര്‍ധന ആവശ്യപ്പെട്ടു നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി വിഷയത്തില്‍ ഇടപ്പെട്ടത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിരുന്നത്. ഉത്തരവ് മാര്‍ച്ച് 31-നകം ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് അസോസിയേഷന്‍ സമരം ഉപേക്ഷിച്ചത്.

Top