പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രകിയകള്‍ നിര്‍ത്താന്‍ ഹൈക്കോടതി

election

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവ്. ഭരണത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപി ബംഗാള്‍ ഘടകം സമര്‍പ്പിച്ച പരാതിയിലാണ് വിധി. സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കലും സൂക്ഷ്മപരിശോധനയുമടക്കമുള്ള കാര്യങ്ങളാണ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായിരിക്കുന്നത്.

തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ബിജെപിയും സിപിഎമ്മും കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നീട്ടിനല്‍കണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

മെയ് 1,3,5 തീയതികളിലാണ് ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. മെയ് 8നാണ് ഫലപ്രഖ്യാപനം. ഏപ്രില്‍ 2 മുതല്‍ 9 വരെയായിരുന്നു നാമനിര്‍ദേശ പത്രിക നല്കാനുള്ള സമയം. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലപ്രയോഗത്തിലൂടെ മറ്റ് പാര്‍ട്ടികളില്‍ പെട്ടവരെ നാമനിര്‍ദേശപത്രിക നല്‍കുന്നതില്‍ നിന്ന് തടയുകയാണെന്ന് കാണിച്ച് ബിജെപി പരാതി നല്‍കുകയായിരുന്നു.

കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായി സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും പ്രതികരിച്ചു. അതേസമയം, പരാതിയുമായി ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാനൊരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം 10ാം തീയതി വരെ നീട്ടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. എന്നാല്‍, 12 മണിക്കൂറിനുള്ളില്‍ വിജ്ഞാപനം റദ്ദ് ചെയ്തതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ കെസിങ് അറിയിക്കുകയും ചെയ്തു. സമയം നീട്ടിനല്കിയ വിജ്ഞാപനത്തിലെ നിയമപിശകുകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തിനും തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്ല്യാണ്‍ ബാനര്‍ജിക്കും കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 16ന് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികളില്‍ കോടതി തീരുമാനമെടുക്കുക.

Top