High Court irked over government inaction on PAN card issued to foreigner

മുംബൈ: വിദേശ പൗരന് പാന്‍ കാര്‍ഡ് ലഭിയ്ക്കുകയും അയാള്‍ അതുപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുകയും ചെയ്ത സംഭവം വിവാദമാകുന്നു.

ഫൈസല്‍ എസ്സ യൂസഫ് എന്ന വിദേശി ഇന്ത്യയില്‍ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും സഞ്ജയ് പുന്‍മിയ എന്നയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ പൗരനാണെന്ന് കാണിച്ചാണ് ഇയാള്‍ പാന്‍ കാര്‍ഡ് നേടിയിരിയ്ക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. ജനുവരി എട്ടിന് ഹാജരാകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. കേന്ദ്ര നിയമമന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെടണം. എച്ച്.എസ്.ബി.സി ബാങ്കിലും ബോംബെ മെര്‍ക്കന്റൈല്‍ ബാങ്കിലുമാണ് അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്തിരിയ്ക്കുന്നത്.

പാന്‍ കാര്‍ഡ് എങ്ങനെ ഇയാള്‍ക്ക് അനുവദിച്ചുവെന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2015 സെപ്റ്റംബര്‍ 28ന് തന്നെ കോടതി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

മുംബയിലെ ഫോറിന്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് ഉദ്യോഗസ്ഥന്‍, വിദേശകാര്യമന്ത്രാലയം നാമനിര്‍ദ്ദേശം ചെയ്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്‍, ആദായ നികുതി മുഖ്യ കമ്മീഷണര്‍ നാമനിര്‍ദ്ദേശം ചെയ്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നിവരോടാണ് മതിയായ രേഖകളുമായി ഹാജരാകാന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിയ്ക്കാനും ആവശ്യപ്പെട്ടു.

Top