ഉത്തരാഖണ്ഡില്‍ ജല-കായിക വിനോദങ്ങള്‍ക്ക് നിരോധനം; ഉത്തരവുമായി ഹൈക്കോടതി

ADVENTUROUS

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ ജല കായിക വിനോദങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി. പാരാഗ്ലൈഡിങ്, വള്ളം തുഴയല്‍ തുടങ്ങിയ വിനോദങ്ങളെല്ലാം താത്ക്കാലികമായി നിരോധിച്ചു കൊണ്ടാണ് കോടതി ഉത്തരവ് എത്തിയിരിക്കുന്നത്. പ്രകൃതിക്കും ജനങ്ങള്‍ക്കും സുരക്ഷയൊരുക്കി കൊണ്ടുള്ള ശക്തമായ നയം രൂപവത്കരിക്കുന്നതു വരെയാണ് നിരോധനം ഉണ്ടാവുന്നത്.

സാഹസിക വിനോദങ്ങളെ നിയന്ത്രിച്ചു കൊണ്ടുള്ള നിയമം ആവിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് രണ്ടാഴ്ചത്തെ സാവകാശവും ഹൈക്കോടതി നല്‍കിയിട്ടുണ്ട്. അതുവരേക്കും പാരാഗ്ലൈഡിങും റാഫ്റ്റിങ് പോലുള്ള ജല സാഹസിക വിനോദങ്ങളും ഉത്തരാഖണ്ഡില്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഹിമാലയന്‍ മേഖലകളിലെ ടൂറിസത്തിന് കടിഞ്ഞാണിടുന്ന ഉത്തരവ് തിങ്കളാഴ്ചയാണ് കോടതി പുറപ്പെടുവിച്ചത്. ഋഷികേശ് സ്വദേശിയായ ഹരി ഓം കശ്യപ് എന്ന സാമൂഹിക പ്രവര്‍ത്തകന്റെ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് രാജീവ് ശര്‍മ, ലോക്പാല്‍ സിങ്ങ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

ഗംഗയില്‍ നിയമവിരുദ്ധമായി ജല കായിക വിനോദങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അധികാര കേന്ദ്രങ്ങള്‍ രഹസ്യമായി പ്രൈവറ്റ് ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്നു എന്നു കാണിച്ചാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

ബോട്ട് മറിഞ്ഞുള്ള മരണങ്ങളെ ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം കായിക വിനോദങ്ങള്‍ മികച്ച പരിശീലനം ലഭ്യമായ പ്രൊഫഷണലുകളുടെ സാന്നിധ്യത്തിലാകണം നടത്തേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Top