ഡക്കര്‍ റാലിയില്‍ കുതിച്ചുപായാന്‍ ഹീറോ മോട്ടോസ്‌പോര്‍ട്‌സ് പുതിയ റാലി ബൈക്ക് ഒരുക്കുന്നു

ന്യൂഡല്‍ഹി : ഹീറോ മോട്ടോകോര്‍പ്പിന്റെ മോട്ടോര്‍സ്‌പോട്ട് വിഭാഗമായ ഹീറോ മോട്ടോസ്‌പോര്‍ട്‌സ് പുതിയ റാലി ബൈക്കിന്റെ ടീസര്‍ ചിത്രം പുറത്തുവിട്ടു.

2018 ഡക്കര്‍ റാലിയില്‍ പങ്കെടുക്കുന്നത് ഈ ബൈക്കായിരിക്കും.

ഹീറോ മോട്ടോകോര്‍പ്പിന്റെ മോട്ടോര്‍സ്‌പോര്‍ട്ട് പാര്‍ട്ണറായ സ്പീഡ്‌ബ്രെയ്ന്‍ നിര്‍മ്മിച്ച പുതിയ ബൈക്കിന്റെ രൂപരേഖയാണ് ടീസര്‍ ചിത്രത്തില്‍ വ്യക്തമാകുന്നത്.

450 സിസി സിങ്കിള്‍സിലിണ്ടര്‍ എന്‍ജിനായിരിക്കും ഹീറോയുടെ പുതിയ ഡക്കര്‍ ബൈക്കിനെ കുതിച്ചുപായാന്‍ സഹായിക്കുന്നത്. 54 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കാന്‍ ഈ എന്‍ജിന് കഴിയും.

മോട്ടോര്‍സൈക്കിളിന്റെ മുകള്‍ ഭാഗം മാത്രമാണ് ടീസര്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. പുതിയ ഹെഡ്‌ലാംപുകളുമായി ഫ്രണ്ട് എന്‍ഡിന് അല്‍പ്പം വ്യത്യാസമുള്ളതായി ചിത്രത്തില്‍നിന്ന് മനസ്സിലാക്കാം.

സീറ്റിലും റിയര്‍ എന്‍ഡിലും ചില മാറ്റങ്ങള്‍ കാണാം. ഡക്കര്‍ റാലി അത്യധികം ദുഷ്‌കരമായതിനാല്‍ അതനുസരിച്ച് ബൈക്കിനെ ഒരുക്കിയെടുക്കേണ്ടതുണ്ട്.

നാവിഗേഷന്‍ ടവര്‍, റോഡ് ബുക്ക്, ടുലിപ് ചാര്‍ട്ട് ഹോള്‍ഡര്‍, മൂന്ന് വാട്ടര്‍ റിസര്‍വോയറുകള്‍, രണ്ട് ഫ്യൂവല്‍ ടാങ്കുകള്‍ എന്നിവയെല്ലാം ഡക്കര്‍ റാലിക്കായി ബൈക്കില്‍ സജ്ജീകരിക്കണം. കടുത്ത പ്രതികൂല കാലാവസ്ഥയില്‍ അതീവ ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലൂടെയാണ് ഡക്കര്‍ റാലി സംഘടിപ്പിക്കുന്നത്.

പെറു, ബൊളീവിയ, അര്‍ജന്റീന രാജ്യങ്ങളിലായി 2018 ജനുവരി 6 മുതല്‍ 20 വരെയാണ് 2018 ഡക്കര്‍ റാലി നടക്കുന്നത്. ഫിനിഷ് ചെയ്യുന്നതിന് 9,000 കിലോമീറ്റര്‍ ദൂരം താണ്ടണം. ലോകത്തിലെ ഏറ്റവും പ്രയാസമേറിയ റാലി ഇവന്റാണ് ഡക്കര്‍.

ഇന്ത്യയുടെ സിഎസ് സന്തോഷ്, ജെ റോഡ് എന്നറിയപ്പെടുന്ന പോര്‍ച്ചുഗലിന്റെ ജോക്വിം റോഡ്രിഗസ് എന്നിവരാണ് ഹീറോയുടെ പുതിയ ഡക്കര്‍ റാലി ബൈക്കുകളില്‍ മത്സരിക്കുക. 2017 ഡക്കര്‍ റാലിയില്‍ സന്തോഷ് 47-ാമതും ജെ റോഡ് പത്താമതും ഫിനിഷ് ചെയ്തിരുന്നു.

Top