ശങ്കറിനെയും മുരുകദാസിനെയും മറികടന്ന് പയ്യൻ അറ്റ്‌ലി,മെർസലിന് വാങ്ങിയത് 12 കോടി

ചെന്നൈ: മൂന്നാമത്തെ സിനിമക്ക് 12 കോടി രൂപ പ്രതിഫലം വാങ്ങി തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് യുവ സംവിധായകന്‍ അറ്റ്‌ലി.

ആദ്യ സിനിമ രാജാറാണിക്ക് ശേഷം വിജയ് നായകനായ ‘തെറി’ വന്‍ ഹിറ്റായതാണ് പ്രതിഫലം ഒറ്റയടിക്ക് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയത്.

മൂന്നാമത്തെ സിനിമ ‘മെര്‍സല്‍’ സംവിധാനം ചെയ്യാന്‍ അറ്റ്‌ലിയെ ഏല്‍പ്പിക്കാന്‍ നിര്‍മ്മാതാക്കളോട് ശുപാര്‍ശ ചെയ്തത് നടന്‍ വിജയ് ആണ്.

എന്നാല്‍ പയ്യന്‍ 12 കോടി പ്രതിഫലം പറ്റുമെന്ന് ദളപതിയും കരുതിയിരുന്നില്ല.

ശങ്കറിന്റെ അസിസ്റ്റന്റായിരുന്ന അറ്റ്‌ലി ദളപതിയുമായി അടുക്കുന്നത് ശങ്കര്‍ സംവാധാനം ചെയ്ത ‘നന്‍പന്‍’ സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു.

വിജയ് ആരാധകനായ അറ്റ്‌ലി വര്‍ഷങ്ങള്‍ കാത്തിരുന്നതിന് ശേഷമാണ് തെറിയുടെ കഥയുമായി താരത്തെ സമീപിച്ചത്.

അതിനു മുന്‍പ് രാജാറാണി എന്ന സൂപ്പര്‍ ഹിറ്റ് സിനിമ ചെയ്ത് അറ്റ്‌ലി തന്റെ കഴിവ് തെളിയിച്ചിരുന്നു.

‘തെറി’സൂപ്പര്‍ ഹിറ്റായതോടെയാണ് മറ്റൊരു അവസരം കൂടി അറ്റ്‌ലിക്ക് നല്‍കാന്‍ വിജയ് യെ പ്രേരിപ്പിച്ചതത്രെ.

മെര്‍സലും വലിയ ഹിറ്റാണെങ്കിലും ഒരു സംവിധായകന്‍ പുലര്‍ത്തേണ്ട ജാഗ്രതയും മാന്യതയും അറ്റ്‌ലിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലന്നാണ് തമിഴകത്ത് നിന്നും പുറത്തു വരുന്ന വിവരങ്ങള്‍.

മെര്‍സല്‍ സിനിമയില്‍ പക്ഷികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ചിത്രീകരിച്ചതും കാളകളെ ജല്ലിക്കെട്ട് മാതൃകയില്‍ അണിനിരത്തിയ ബ്രഹ്മാണ്ഡ രംഗങ്ങളും ഉള്‍പ്പെടെ കോടികള്‍ ചിലവിട്ട ദൃശ്യങ്ങള്‍ വെട്ടി മാറ്റേണ്ടി വന്നത് സംവിധായകന്റെ പിശക് മൂലമാണെന്നാണ് ആരോപണം.

ബന്ധപ്പെട്ട വകുപ്പില്‍ നിന്നും നിയമാനുസൃതം വാങ്ങേണ്ട അനുമതി വാങ്ങാന്‍ കഴിയാത്തതാണ് തിരിച്ചടിയായത്.

ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറുന്ന സംവിധായകനെ പ്രോത്സാഹിപ്പിക്കരുതെന്നാണ് തെന്നിന്ത്യന്‍ നിര്‍മ്മാതാക്കളുടെ ഇടയില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന വികാരം.

12 കോടി പ്രതിഫലം കൊടുത്ത മെര്‍സലിന്റെ നിര്‍മ്മാതാക്കളായ ശ്രീ തേന്മന്‍ഡല്‍ ഫിലിംസിലെ ഒരു വിഭാഗം ഇതിനകം തന്നെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.

തമിഴകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന സംവിധായകന്‍ ശങ്കര്‍ ആണ്. രണ്ടാമത് മുരുകദാസ് ആണ് ഈ പട്ടികയില്‍ മൂന്നാമതായി വെറും മൂന്നാമത്തെ സിനിമയില്‍ തന്നെ എത്തിയിരിക്കുകയാണ് അറ്റ്‌ലി.

മൂന്നാമത്തെ സിനിമയില്‍ തന്നെ ഇത്രയും വലിയൊരു തുക ശങ്കറും മുരുകദാസും പോലും വാങ്ങിയിട്ടില്ലെന്നാണ് മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്.

30 മുതല്‍ 40 കോടി വരെ ഒരു സിനിമക്ക് ശങ്കറും, 25 മുതല്‍ 30 കോടിവരെ മുരുകദാസും നിലവില്‍ വാങ്ങുന്നതായാണ് പറയപ്പെടുന്നത്.

Top