രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍, 846680 പേര്‍ ക്യാമ്പിലുണ്ട്: മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്നും 846680 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരമാവധി ജീവന്‍ രക്ഷിക്കുവാനുള്ള ശ്രമം വിജയിച്ചെന്നും വീടുകളിലേയ്ക്ക് മടങ്ങുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കുമെന്നും അദേഹം പറഞ്ഞു.

ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ ഏറ്റവും പ്രധാനമെന്നും പുനരധിവാസത്തിന് സഹായിക്കുവാന്‍ പറ്റുന്ന എല്ലാവരുടെയും സഹകരണം ഉറപ്പാക്കുമെന്നും മാലിന്യനിര്‍മാര്‍ജ്ജനം വേഗത്തിലാക്കുന്നതോടൊപ്പം ശുചിത്വത്തിന് അതിപ്രാധാന്യം നല്‍കുമെന്നും മേല്‍നോട്ടത്തിന് പഞ്ചായത്തുകളില്‍ 6 വീതം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രളയത്തില്‍ പാഠപുസ്തകവും യൂണിഫോമും നഷ്ടപ്പെട്ട എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവ സൗജന്യമായി നല്‍കുമെന്നും വിദ്യാഭ്യാസവകുപ്പ് നല്‍കുന്ന കണക്ക് അനുസരിച്ചാണ് പുതിയ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുകയെന്നും ഇതിനോടകം 36 ലക്ഷം പുസ്തകങ്ങള്‍ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെബിപിഎസ്) സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ട്ടിഫിക്കറ്റ് വിതരണം ഐടി അടിസ്ഥാനത്തില്‍ നടത്തുമെന്നും രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്ന മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്നും രക്ഷാപ്രവര്‍ത്തനത്തിന് കൊണ്ടുവന്ന മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ തിരിച്ച് ഏല്‍പ്പിക്കുമെന്നും കേടു പറ്റിയവ നന്നാക്കി നല്‍കുമെന്നും ഇന്ധനത്തിന് പുറമെ അവര്‍ക്ക് ദിവസം 3000 രുപയും നല്‍കുമെന്നും ഗതാഗതം പുനസ്ഥാപിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും റോഡുകളും പാലങ്ങളും തകര്‍ന്ന് 4043 കോടിയുടെ നഷ്ടമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാറിനും ഗവര്‍ണറിനും സേനാംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി അറിയിച്ചതോടൊപ്പം യുഎന്‍ സഹായം സ്വീകരിക്കുവാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളം ആവശ്യപ്പെട്ടാല്‍ പ്രളയത്തില്‍ അകപെട്ടവരുടെ പുനരധിവാസത്തിന് സഹായം നല്‍കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭ റസിഡന്റ് കമ്മീഷണര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. 17 ന് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഈ വാഗ്ദാനം. കേരളം ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ആവശ്യമായ സഹായം നല്‍കുമെന്നാണ് യു.എന്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധിയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും വ്യക്തമാക്കിയിരുന്നു. ഒരു രോഗിക്കു പോലും ചികിത്സ ലഭ്യമാകാത്ത അവസ്ഥ ഉണ്ടാകില്ലെന്നും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

ചെങ്ങന്നൂരിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് കൂടുതല്‍ ജീവനക്കാരെ ചെങ്ങന്നൂരില്‍ വിന്യാസിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു.

Top