ഓണ്‍ലൈന്‍ ഇടപാടുകള്‍ സൗജന്യമാക്കി എച്ച്.ഡി.എഫ്.സി ബാങ്ക്‌

കൊച്ചി: ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് എച്ച്.ഡി.എഫ്.സി. ബാങ്കും രംഗത്ത്.

ആര്‍.ടി.ജി.എസ്,നെഫ്റ്റ് ഇടപാടുകള്‍ക്കുള്ള നിരക്കുകള്‍ ബാങ്ക് എടുത്തു കളഞ്ഞു. അതേ സമയം ചെക്ക് ഇടപാടുകള്‍ക്ക് അടുത്ത മാസം മുതല്‍ ചെലവ് കൂടും.

സേവിങ്ങ്‌സ് അക്കൗണ്ടോ ശമ്പള അക്കൗണ്ടോ ഉള്ള ഉപഭോക്താക്കള്‍ക്കാണ് ഓണ്‍ലൈനായുള്ള റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍.ടി.ജി.എസ്.), നാഷണല്‍ ഇലക്‌ട്രോണിക്‌സ് ഫണ്ട് ട്രാന്‍സ്ഫര്‍ (നെഫ്റ്റ്) എന്നിവ സൗജന്യമാക്കിയത്.

എന്നാല്‍ ബാങ്ക് ശാഖകളിലെത്തി നടത്തുന്ന ആര്‍.ടി.ജി.എസ്., നെഫ്റ്റ് ഇടപാടുകള്‍ക്ക് തുടര്‍ന്നും ഫീസ് ഈടാക്കും.

ഇനിമുതല്‍ വര്‍ഷത്തില്‍ ഒരു ചെക്ക് ബുക്ക് മാത്രമേ സൗജന്യമായി ലഭിക്കുകയുള്ളൂ.അധിക ചെക്ക് ബുക്ക് വേണ്ടവര്‍ക്ക് 25 ലീഫുള്ള ഒരെണ്ണത്തിന് 75 രൂപ നല്‍കണം.

10,000 രൂപ വരെയുള്ള ഓണ്‍ലൈന്‍ നെഫ്റ്റ് ഇടപാടുകള്‍ക്ക് 2.50 രൂപയാണ് മുന്‍പ്‌ ഈടാക്കിയിരുന്നത്.10,000 മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ളതിന് അഞ്ചു രൂപയും ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയുള്ളതിന് 15 രൂപയും രണ്ടു ലക്ഷത്തിനു മേലെ 25 രൂപയുമായിരുന്നു ഫീസ്.

അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലാത്തതിനെത്തുടര്‍ന്ന് ചെക്ക് മടങ്ങിയാല്‍ ഓരോ ചെക്കിനും 500 രൂപ വീതം പിഴ ചുമത്തും. നേരത്തെ ഇത് 350 രൂപയായിരുന്നു.

Top