‘വെളുക്കാൻ തേച്ചത് പാണ്ടായി’ ശൈലജ മന്ത്രി സ്ഥാനത്ത് നിന്നും തെറിക്കാൻ സാധ്യത

കൊച്ചി: മന്ത്രി സ്ഥാനത്ത് കടിച്ച് തൂങ്ങാന്‍ പരാമര്‍ശം നീക്കി കിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ച ശൈലജയ്ക്കും സര്‍ക്കാരിനും വന്‍ തിരിച്ചടി.

വിവാദ പരാമര്‍ശം കോടതി നീക്കിയില്ലന്ന് മാത്രമല്ല കൂടുതല്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുക കൂടി ചെയ്തതോടെ മന്ത്രിയുടെ നില പരിങ്ങലിലായിരിക്കുകയാണിപ്പോള്‍.

ബാലാവകാശ കമ്മീഷന്‍ നിയമനത്തിന്റെ ഉത്തരവാദത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിയാനാവില്ലന്നും, മന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തുറന്നടിച്ചു.

12 ഓളം ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ ബാലാവകാശ കമ്മീഷന്‍ അംഗമായതെങ്ങിനെയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

ഇതോടെ ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്നും കെ.കെ ശൈലജയ്ക്ക് രാജി വയ്‌ക്കേണ്ട സാഹചര്യമാണ് ഉരിത്തിരിഞ്ഞിരിക്കുന്നത്.

ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ആരോഗ്യ മന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയ പശ്ചാത്തലത്തില്‍ അവര്‍ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന നിലപാടിലാണ് നല്ലൊരു വിഭാഗം നേതാക്കള്‍. ശൈലജയുടെ രാജി അനിവാര്യമാകുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ് ശൈലജ എന്നതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും നിര്‍ണ്ണായകമാവും.

മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി.ജയരാജനെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട് രാജി വയ്പിച്ചതിനാല്‍ രാജിക്കാര്യത്തില്‍ ഇരട്ട നീതി പാടില്ലന്ന അഭിപ്രായവും പാര്‍ട്ടിക്കകത്ത് ഉയര്‍ന്നു കഴിഞ്ഞു.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ അനിശ്ചിതകാല നിരാഹാരം തുടരുന്ന സാഹചര്യത്തില്‍ തീരുമാനം നീട്ടികൊണ്ടു പോകുന്നത് പ്രതിപക്ഷത്തിന് മുതലെടുക്കാന്‍ അവസരം നല്‍കുമെന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ട്.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്ന തീരുമാനമായിരിക്കും ഇനി നിര്‍ണ്ണായകമാവുക.

ഹൈക്കോടതി പരാമര്‍ശം നീക്കം ചെയ്യാത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും മന്ത്രി ശൈലജയെ കൈവിട്ടേക്കാനാണ് സാധ്യത.

സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ രണ്ട് മന്ത്രിമാരെ മാറ്റേണ്ടി വന്ന സാഹചര്യത്തില്‍ ഇനി ശൈലജയെ മാറ്റിയാല്‍ ഗതാഗത മന്ത്രി എന്‍.സി.പിക്കാരനായ തോമസ് ചാണ്ടിയേയും മാറ്റേണ്ട സാഹചര്യവും മുഖ്യമന്ത്രിക്കും മുന്നണിക്കും ഉണ്ടാകും.

ഈ രണ്ട് മന്ത്രിമാര്‍ക്കുമെതിരെ അധികാര ദുര്‍വിനിയോഗമെന്ന ഗുരുതരമായ കുറ്റമാണ് ആരോപിക്കപ്പെടുന്നത്.

തോമസ് ചാണ്ടിയെ ഇനിയും ചുമക്കേണ്ടതില്ലന്ന നിലപാട് സി.പി.എമ്മില്‍ സജീവമായിരിക്കെയാണ് അപ്രതീക്ഷിതമായി ശൈലജക്കു നേരെ ആരോപണമുയര്‍ന്നിരിക്കുന്നത്.

മന്ത്രിക്കെതിരെ ഉയരുന്ന വിമര്‍ശനത്തില്‍ പ്രൈവറ്റ് സെക്രട്ടറിയെ ബലിയാടാക്കിയത് കൊണ്ടു കാര്യമില്ലന്ന അഭിപ്രായവും സി.പി.എമ്മിലുണ്ട്.

നിലവിലെ സാഹചര്യം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച ചെയ്തതായാണ് സൂചന.

ഹൈക്കോടതിയുടെ പുതിയ നിലപാടിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃയോഗം വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യും.

എന്നാല്‍ രാജിവയ്ക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ പിന്നെ ഒരു നിമിഷം തുടരില്ലന്നതാണ് മന്ത്രി ശൈലജയുടെ നിലപാട്.

എന്‍.സി.പിയിലെ ഇരു വിഭാഗങ്ങളും സി.പി.എം നേതൃത്വത്തിന്റെ തീരുമാനം തന്നെയാണ് ഉറ്റുനോക്കിയിരിക്കുന്നത്.

ശൈലജ തെറിച്ചാല്‍ തോമസ് ചാണ്ടി തെറിക്കുമെന്ന് തന്നെയാണ് ശശീന്ദ്ര വിഭാഗം നേതാക്കള്‍ കരുതുന്നത്.

Top