സെന്‍കുമാറിന് ആശ്വസിക്കാം ; വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയെന്ന കേസ് ഹൈക്കോടതി റദ്ദാക്കി

T.P Senkumar

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്ത് ശമ്പളം കൈപ്പറ്റിയെന്നാണ് കേസ്.

സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണമാണ് റദ്ദാക്കിയത്. അന്വേഷണം ദുരുദ്ദേശപരമാണെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിലാണ് നടപടി.

സെന്‍കുമാര്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജരേഖയല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ അജിത് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സര്‍ട്ടിഫിക്കറ്റില്‍ തിയതി തിരുത്തിയെന്ന ആരോപണം തെറ്റാണ്. തനിക്കെതിരായ ആരോപണങ്ങളും തെറ്റാണ്. കേസില്‍ വിജിലന്‍സ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഡോക്ടര്‍ എന്ന രീതിയില്‍ ശരിയായ കാര്യമാണ് ചെയ്തതെന്നും അജിത് കുമാര്‍ പ്രതികരിച്ചിരുന്നു.

അവധിക്കാലത്ത് മുഴുവന്‍ ശമ്പളവും ലഭിക്കാന്‍ വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ സെന്‍കുമാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്ത് സര്‍ക്കാരില്‍നിന്ന് എട്ടുലക്ഷം രൂപ നേടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ചീഫ് സെക്രട്ടറി സെന്‍കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. സിപിഎം നേതാവ് സുകാര്‍ണോ ആണ് പരാതിക്കാരന്‍.

2016 ജൂണില്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്ന് പിറ്റേന്നുതന്നെ അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നുള്ള എട്ടുമാസങ്ങളില്‍ പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്നു കാണിച്ച് പ്രത്യേകം അപേക്ഷ സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മെഡിക്കല്‍ ലീവായി പരിഗണിക്കാന്‍ പ്രത്യേകം അപേക്ഷ നല്‍കിയത്. ഇത് വ്യാജമാണെന്നാണ് പരാതി.

Top