എന്തടിസ്ഥാനത്തിലാണ് യൂബര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസിനോട് ഹൈക്കോടതി

കൊച്ചി : കൊച്ചിയില്‍ മര്‍ദനമേറ്റ യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തതിന് മരട് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് യുവതിയുടെ പരാതി കിട്ടിയാല്‍ ഉടനെ അയാള്‍ക്കെതിരെ കേസെടുക്കുകയാണോ വേണ്ടതെന്ന് ഹൈക്കോടതി വിമര്‍ശനം ഉയര്‍ത്തി.

മര്‍ദ്ദനമേറ്റ സംഭവത്തില്‍ വസ്തുതകള്‍ പരിശോധിച്ചോ എന്നും കോടതി ആരാഞ്ഞു. മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഷെഫീഖ് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോളാണ് കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.

ഏത് സാഹചര്യത്തിലാണ് കേസെടുത്തതെന്ന കാരണം വിശദമാക്കി റിപ്പോര്‍ട്ട് നലകാന്‍ മരട് സബ് ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടു.

പോലീസിന്റെ ഈ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ തുടര്‍ നടപടികള്‍ ഇനി ഉണ്ടാകൂ. പ്രതികളായ യുവതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് വാദിഭാഗം കോടതിയില്‍ വാദം ഉയര്‍ത്തി. കേസ് ഒക്ടോബര്‍ നാലിലേക്ക് മാറ്റി.

യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തത് അന്വേഷിക്കാന്‍ മധ്യമേഖലാ ഐജി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.

സംഭവത്തില്‍ പൊലീസിനെതിരായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഐജിയുടെ ഇടപെടല്‍.

സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിക്കാണ് അന്വേഷണച്ചുമതല. ടാക്‌സി ഡ്രൈവറെ മര്‍ദിച്ച സ്ത്രീകളെ നിസാരവകുപ്പുകള്‍ ചുമത്തി വിട്ടയച്ചത് വിവാദമായിരുന്നു.

യുവതികള്‍ ആക്രമിച്ച ടാക്‌സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. യുവതികള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യം മരട് പൊലീസ് തളളിക്കളയുകയായിരുന്നു.

ഇതിനിടെ തനിക്കെതിരെയുള്ള കേസ് യുവതികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ടാക്‌സി ഡ്രൈവര്‍ ഷെഫീഖ് വെളിപ്പെടുത്തിയിരുന്നു.

തന്നെ ആക്രമിച്ച സത്രീകള്‍ക്ക് ഉന്നത ബന്ധമുണ്ട്, തന്നെ കൊന്നാല്‍ പോലും ആരും ചോദിക്കില്ലെന്നും സത്രീകള്‍ പറഞ്ഞിരുന്നു.

പൊലീസ് നടപടി ഉള്‍പ്പെടെയുള്ളവയില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഷെഫീഖ് ആവശ്യപ്പെട്ടു.

കേസ് തന്നെയും കുടുംബത്തേയും മാനസികമായി തകര്‍ത്തെന്നും ഷെഫീഖ് വ്യക്തമാക്കിയിരുന്നു.

അതേസമയം യുബര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാകുകയാണ്

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഡ്രൈവര്‍ ഷെഫീക്കിനെതിരെ കേസടുത്തിരിക്കുന്നത്.

നടപടി നിയമാനുസൃതമാണെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും അത് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം.

പട്ടാപ്പകല്‍ മൂന്ന് സ്ത്രീകള്‍ യൂബര്‍ ഡ്രൈവറെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിനും അടിവസ്ത്രം വലിച്ച് കീറിയതിനും ദൃക്‌സാക്ഷികള്‍ നിരവധി പേരാണ്.

ഇതു സംബന്ധമായി ചാനല്‍ വാര്‍ത്തയും ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ഈ മാസം ഇരുപതിനാണ് കൊച്ചി വൈറ്റിലയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ ഷഫീക്കിനെ മൂന്നു യുവതികള്‍ ചേര്‍ന്ന് ആക്രമിച്ചത്. കരിങ്കല്ലടക്കം ഉപയോഗിച്ചുളള ആക്രമണത്തില്‍ ഷഫീക്കിന്റെ തലയിലുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു.

Top