ഹരിയാനയിൽ ഇറച്ചിക്ക് വേണ്ടി 35 ദേശാടന പക്ഷികളെ കൊലപ്പെടുത്തി ; നാല് പേർ പിടിയിൽ

റോഹ്താക് : ഹരിയാനയിൽ ഇറച്ചി കടത്തുന്നതിനായി 35 ദേശാടന പക്ഷികളെ കൊലപ്പെടുത്തിയ നാല് പേർ പിടിയിൽ.

പക്ഷികൾക്ക് വിഷം നൽകി കൊല്ലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റ് ഇവരെ പിടികൂടിയത്.

പക്ഷിനിരീക്ഷകനായ സോനു ദാൽലാലാണ് ജജ്ജാർ ജില്ലയിലെ മാണ്ടോത്തി ഗ്രാമത്തിൽ പക്ഷികൾക്ക് വിഷം നൽകി കൊലപ്പെടുത്തുന്ന വിവരം വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റിനെ അറിയിച്ചത്.

തുടർന്ന് ഉദ്യോഗസ്ഥർ എത്തി നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടുകയായിരുന്നു.

ഈ പക്ഷികൾ ഏകദേശം ഈ സമയമാകുമ്പോൾ ഇന്ത്യയിൽ നിന്നും സൈബീരിയ, മംഗോളിയ, കസാഖിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് ഭക്ഷണത്തിനായി സഞ്ചരിക്കുന്നവയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

1972 ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്റ്റിന്റെ നാലാം ഷെഡ്യൂൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

ജജ്ജാർ ജില്ലയിൽ നിരവധി ജലസ്രോതസ്സുകൾ ഉള്ളതിനാൽ എല്ലാ വർഷവും ആയിരക്കണക്കിന് ദേശാടനപക്ഷികളാണ് ഇവിടെ എത്തുന്നത്.

ഇത്തരത്തിൽ വംശനാശം സംഭവിക്കുന്ന പക്ഷികളും എത്താറുണ്ടെന്നും, അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും സോനു ദാൽലാൽ സൂചിപ്പിച്ചു.

Top