കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കൂട്ടി കമ്പനികള്‍

air india

കൊച്ചി: കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കൂട്ടി വിമാനക്കമ്പനികള്‍. ടിക്കറ്റ് നിരക്ക് ആറിരട്ടിവരെയാണ് കമ്പനികള്‍ കൂട്ടിയിരിക്കുന്നത്.

മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനവാണിതെന്ന് ട്രാവല്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു.

മുപ്പത്തയ്യായിരം രൂപ മുതല്‍ ഒരു ലക്ഷം വരെയാണ് വിവിധ കമ്പനികളുടെ നിരക്ക്. ഓണം അവധിക്ക് വരുന്ന ഗള്‍ഫ് മലയാളികള്‍ക്കാണ് ഇത് തിരിച്ചടിയാവുന്നത്.

സാധാരണ സീസണില്‍ പതിനയ്യായിരം വരെയായിരുന്നു റിയാദിലേക്കുള്ള നിരക്കെങ്കില്‍ ഇപ്പോളത് അന്‍പതിനായിരം മുതല്‍ എണ്‍പത്തയ്യായിരം വരെയായി.

കുവൈറ്റിലേക്ക് പറക്കണമെങ്കില്‍ 30,000 മുതല്‍ 58,000 വരെയും, ബഹ്‌റനിലെത്താന്‍ 75,000വരെയും കൊടുക്കണം. 5000 മുതല്‍ 10,000 രൂപ വരെയായിരുന്ന ദുബായി ടിക്കറ്റ് പറന്നുയര്‍ന്നത് 40,000ലേക്ക്.

ഏറ്റവും കൂടുതല്‍ എയര്‍ ഇന്ത്യയിലും. അബുദാബിക്ക് പോകാന്‍ 30,000 മതല്‍ അറുപതിനായിരം വരെയാകുമ്പോള്‍ ഷാര്‍ജയിലെത്താന്‍ നാല്‍പതിനായിരമാകും. ജിദ്ദയാത്രയാണ് ഏറ്റവും കഠിനം. എത്തിഹാദ് എയറില്‍ ഒരു ലക്ഷമാണ് നിരക്ക്.

ഗള്‍ഫ് നാടുകളിലിപ്പോള്‍ അവധിക്കാലമാണ്. അവധിയും ആഘോഷിച്ച് ഓണവും കൂടി മലയാളികള്‍ മടങ്ങുന്ന സമയമാണ് വിമാനക്കമ്പനികളുടെ ചാകരക്കാലം. അത് പരമാവധി മുതലാക്കുകയാണ് വര്‍ധനയുടെ ലക്ഷ്യം.

എല്ലാ വര്‍ഷവും ഈ സീസണില്‍ ടിക്കറ്റ് കൂടാറുണ്ടെങ്കിലും സമീപകാലത്തൊന്നും ഇത്രയുമുണ്ടായിട്ടില്ല. വിമാനനിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടലും അധികാരവും ഇല്ലാത്തത് പറന്നുയരുന്ന ചൂഷണത്തിന് ഊര്‍ജമാവുന്നു.

Top