gujarath lions won against kolkatha knight riders for four wickets

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിന് നാലുവിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്തക്കായി വിന്‍ഡീസ് താരം സുനില്‍ നരെയ്‌നും റോബിന്‍ ഉത്തപ്പയും ആഞ്ഞുവീശിയപ്പോള്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 187 റണ്‍സിന്റെ റണ്‍മല പടുത്തുയര്‍ത്തിയെങ്കിലും നാലുവിക്കറ്റ് ശേഷിക്കെ ഗുജറാത്ത് ലക്ഷ്യം മറികടക്കുകയായിരുന്നു.

സ്‌കോര്‍: കൊല്‍ക്കത്ത 187/5, ഗുജറാത്ത് 188 /6.ഐ.പി.എല്‍ പത്താം സീസണില്‍ തുടര്‍തോല്‍വിയില്‍ ക്ഷീണിച്ചിരുന്ന സിംഹങ്ങള്‍ക്ക് ആശ്വാസമാണ് ഈ രണ്ടാം ജയം.

15 പന്തില്‍ 31 റണ്‍സുമായി ആരോണ്‍ ഫിഞ്ചും 17 പന്തില്‍ 33 റണ്‍സുമായി ബ്രണ്ടന്‍ മക്കല്ലവും മികച്ച ഓപണിങ് നല്‍കി പുറത്തായപ്പോള്‍, ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന 84 റണ്‍സുമായി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമാവുകയായിരുന്നു. നാല് സിക്‌സും ഒമ്പത് ഫോറുമുള്‍പ്പെടെയായിരുന്നു റൈനയുടെ ഇന്നിങ്‌സ്.

ടോസ് ലഭിച്ച ഗുജറാത്ത് ലയണ്‍സ് ആതിഥേയരെ ചുരുങ്ങിയ സ്‌കോറിലൊതുക്കാമെന്ന് കണക്കുകൂട്ടി ബാറ്റിങ്ങിനയക്കുകയായിരുന്നു. പരിക്കേറ്റ് പുറത്തുപോയ ആസ്‌ട്രേലിയന്‍ ഓപണര്‍ ക്രിസ് ലിന്നിന് പകരം ഓപണിങ് ബാറ്റിങ്ങിനിറങ്ങിയ സുനില്‍ നരെയ്ന്‍ ഒരിക്കല്‍കൂടി ക്ലിക്കായേപ്പാള്‍ പ്രവീണ്‍ കുമാറും ജെയിംസ് ഫോക്‌നറും മലയാളിതാരം ബേസില്‍ തമ്പിയും നല്ലവണ്ണം തല്ലുകൊണ്ടു. 17 പന്ത് മാത്രം നേരിട്ട വിന്‍ഡീസ് സ്പിന്നര്‍ ഒമ്പതു ഫോറും ഒരു സിക്‌സുമടക്കം അടിച്ചുകൂട്ടിയത് 42 റണ്‍സാണ്.

പിന്നീടെത്തിയ റോബിന്‍ ഉത്തപ്പയെ കൂട്ടി ഗംഭീര്‍ സ്‌കോര്‍ ഉയര്‍ത്തി. ഫോക്‌നറുടെ പന്തില്‍ ഗംഭീര്‍ പുറത്തായതോടെയാണ് (33) ഉത്തപ്പയുടെ ബാറ്റിങ്ങിന് ചൂടുപിടിക്കുന്നത്. മനീഷ് പാെണ്ഡയെ കൂട്ടുപിടിച്ച് (24) വളരെ വേഗത്തിലായിരുന്നു ഉത്തപ്പയുടെ അര്‍ധസെഞ്ച്വറി.

രണ്ടു സിക്‌സും എട്ടുഫോറുമുള്‍പ്പെടെ 72 റണ്‍സെടുത്ത ഉത്തപ്പയെ പ്രവീണ്‍ കുമാറും മനീഷ് പാണ്ഡെയെ മലയാളി താരം ബേസില്‍ തമ്പിയും പുറത്താക്കുകയായിരുന്നു. അവസാനത്തില്‍ യൂസുഫ് പത്താന്‍ (നാലു പന്തില്‍ 11*) ടീം സ്‌കോര്‍ 187െലത്തിക്കുകയായിരുന്നു. ഷാകിബ് അല്‍ഹസന്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു.

Top