മകന്‍ ഒളിച്ചോടി കല്യാണം കഴിച്ചു; പെണ്‍വീട്ടുകാര്‍ അമ്മയെ തെഴുത്തില്‍ കെട്ടിയിട്ടത് മണിക്കൂറുകള്‍

GUJARATH

നര്‍മ്മദ: മകന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് അമ്മയെ മണിക്കൂറുകളോളം പശുത്തൊഴുത്തില്‍ കെട്ടിയിട്ട് പെണ്‍വീട്ടുകാര്‍ പക തീര്‍ത്തു. മൂപ്പത്താറുകാരിയായ ബുച്ചിബെന്‍ വാസവ എന്ന ആദിവാസി സ്ത്രീയെയാണ് അവരുടെ വീട്ടിലെ തൊഴുത്തില്‍ മണിക്കൂറുകളോളം കെട്ടിയിട്ടത്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ നര്‍മ്മദാ ജില്ലയിലെ ബിറ്റാഡ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

വിവരമറിഞ്ഞ് എത്തിയ വനിത ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകരാണ് വാസവയെ രക്ഷിച്ചത്. ബുച്ചിബെന്‍ വാസവയുടെ മകന്‍ കല്‍പേഷ് വാസവ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. അവിടെ തന്നെ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന കല്‍പേഷ് കഴിഞ്ഞ മാസം ഒളിച്ചോടി പോവുകയും, പിന്നീട് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തിന് പെണ്‍ വീട്ടുകാര്‍ക്ക് സമ്മതമല്ലായിരുന്നു.

മകളെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് യുവതി കോടതിയില്‍ ഹാജരാകുകയും കല്‍പേഷിനൈാപ്പം താമസിക്കാനാണ് താല്‍പര്യമെന്നറിയിക്കുകയും ചെയ്തിരുന്നു. പിന്നീട്, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കല്‍പേഷിന്റെ മാതാപിതാക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. അവര്‍ക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ പഞ്ചായത്ത് ഇടപ്പെട്ട് അത് 550 രൂപയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് കല്‍പേഷിന്റെ ഭാര്യ വീട്ടുകാര്‍ ബൂച്ചിബെന്നിനേയും ഭര്‍ത്താവ് മഹേഷ് വാസവയേയും നിരന്തരം ആക്രമിക്കാന്‍ തുടങ്ങി. പലപ്പോഴും വീടു കയറി ആക്രമിക്കാന്‍ തുടങ്ങിയതോടെ മഹേഷ് വാസവ് വീട്ടില്‍ വരാതെയായി. വീട്ടില്‍ ബുച്ചിബെന്‍ തനിച്ചായതോടെയാണ് ഇവരെ മണിക്കൂറുകളോളം തൊഴുത്തില്‍ കെട്ടിയിട്ടത്. ഇക്കാര്യത്തില്‍ ആരെങ്കിലും ഇടപ്പെട്ടാല്‍ അവരും അനുഭവിക്കുമെന്ന് അവര്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു.

വനിത ഹെല്‍പ്പ്‌ലൈന്‍ ജീവനക്കാരും വനിത പൊലീസ് ഓഫീസറും വിവരമറിഞ്ഞ് സ്ഥലത്തെത്തുകയും ബൂച്ചിബെന്നിനെ മോചിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരവീട്ടുകാരുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ പരിഹരിക്കുകയായിരുന്നു. പരസ്പരം പരാതിയില്ലെന്ന് ഇരു വീട്ടുകാരും പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുക്കാതെ വിട്ടു. ഈ വിഷയത്തില്‍ ഇനി ഒരു പ്രശ്‌നവും ഉണ്ടാകരുതെന്ന നിര്‍ദ്ദേശം നല്‍കിയാണ് പൊലീസ് ഇരു വീട്ടുകാരേയും വിട്ടത്.

Top