ഗുജറാത്ത് തിരഞ്ഞെടുപ്പ് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം ; രാഹുല്‍ ഗാന്ധി

rahul gandhi

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടമാണെന്നും, അതില്‍ സത്യത്തിന്റെ പക്ഷത്താണ് കോണ്‍ഗ്രസെന്നും രാഹുല്‍ ഗാന്ധി.

മഹാഭാരത്തിലെ കൗരവപാണ്ഡവ യുദ്ധവുമായാണ് കോണ്‍ഗ്രസ് – ബിജെപി പോരാട്ടത്തെ രാഹുല്‍ വിശേഷിപ്പിച്ചത്.

കൗരവപക്ഷത്തിന് വലിയ ആയുധങ്ങളും സൈന്യവും ഉണ്ടായിരുന്നു. എന്നാല്‍ പാണ്ഡവര്‍ക്ക് സത്യമല്ലാതെ മറ്റൊന്നും ഇല്ലായിരുന്നുവെന്നും, അതുപോലെ സത്യമല്ലാതെ കോണ്‍ഗ്രസിന് മറ്റൊന്നും ഇല്ല, അപ്രിയമാണെങ്കില്‍ പോലും കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്നും സത്യത്തിന്റേയും നീതിയുടേയും ഭാഗത്ത് മാത്രമേ നിലകൊള്ളുകയുള്ളൂവെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

‘പ്രധാനമന്ത്രിയുടെ കയ്യില്‍ കേന്ദ്ര സര്‍ക്കാര്‍, പോലീസ്, സൈന്യം എന്നിവയും വിവിധ സംസ്ഥാന സര്‍ക്കാരുകളുമുണ്ട്. എന്റെ ഭാഗത്താണെങ്കില്‍ സത്യം മാത്രമേയുള്ളൂ. സത്യമല്ലാതെ ഒന്നും ഞങ്ങള്‍ക്കാവശ്യവുമില്ല’,രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടില്ലെന്നും രാഹുല്‍ ആരോപിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്താണ് ഇതുവരെ ചെയ്തതെന്നും, എത്ര തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ സൃഷ്ടിച്ചുവെന്നും രാഹുല്‍ ആരാഞ്ഞു.

യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, അഴിമതി, ഭൂമി തട്ടിയെടുക്കല്‍ എന്നിവയാണു ഗുജറാത്തിലെ യാഥാര്‍ത്ഥ്യങ്ങളെന്നും, കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കുന്ന ലാഭം, മണ്ണും വെള്ളവും തട്ടിയെടുക്കല്‍, നാനോയുടെ പേരില്‍ ടാറ്റയ്ക്ക് നല്‍കിയ 33000 കോടിയുടെ വായ്പ, സമ്പന്നരോട് മാത്രമുള്ള സഹകരണം തുടങ്ങിയവയാണ് ബിജെപി സര്‍ക്കാരിന്റെ ശീലങ്ങളെന്നും രാഹുല്‍ ആരോപിച്ചു.

നാനോ കാര്‍ പ്ലാന്റ് ആരംഭിക്കാനായി 33,000 കോടി രൂപയാണ് സര്‍ക്കാര്‍ വായ്പയായി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ 10-15 ദിവസമായി ഒരു നാനോ കാര്‍ പോലും തനിക്ക് സംസ്ഥാനത്തെ റോഡുകളില്‍ കാണാന്‍ സാധിച്ചിട്ടില്ലെന്നും രാഹുല്‍ പരിഹസിച്ചു.

മാത്രമല്ല, കര്‍ഷകരില്‍ നിന്നും ഭൂമി വാങ്ങി വ്യവസായികള്‍ക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും, തിരിച്ച് കര്‍ഷകര്‍ക്ക് ഒന്നു കൊടുക്കുന്നുമില്ലെന്നും, ഇതാണ് ഗുജറാത്ത് മോഡല്‍ എന്നതുകൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.

Top