പ്രണയം ,ബലാത്സംഗം, ജയില്‍വാസം ഒടുവില്‍ കല്ല്യാണം പിന്നെ വരനു ജയിലിലേക്ക് മടക്കം

jarkand

ധന്‍ബാദ്: ഫേസ്ബുക്കിലൂടെ മൊട്ടിട്ട പ്രണയമായിരുന്നു ഇത് . പക്ഷെ പാതിവഴിയില്‍ വെച്ച് പ്രണയിനിയെ ഉപേക്ഷിച്ച യുവാവിനെതിരെ പെണ്‍കുട്ടി ബലാത്സംഗത്തിന് കേസ് കൊടുത്തു.

ജയിലിലായ യുവാവ് തനിക്കെതിരെ പരാതികൊടുത്ത കാമുകിയെ ശരിക്കും പ്രണയിച്ച് തുടങ്ങിയത് ജയില്‍വാസകാലത്തും. പിന്നീട് പ്രണയം വിവാഹത്തില്‍ കലാശിച്ചെങ്കിലും വിവാഹം കഴിഞ്ഞയുടനെ വരന്‍ ജയിലിലേക്ക് മടങ്ങേണ്ടി വന്നു. വധുവാകട്ടെ സ്വന്തം വീട്ടിലേക്കും.

സിനിമകളെപ്പോലും വെല്ലുന്ന ഈ പ്രണയകഥയുടെ പരിസമാപ്തി നടന്നത് ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ്

ബീഹാറില്‍ എന്‍ജിനീയറായ 28കാരന്‍ റിതേഷ് കുമാര്‍ 23 കാരി സുദീപ്തി കുമാരിയെ ഫേസ്ബുക്കില്‍ വെച്ച് പരിചയപ്പെടുന്നത് 2012ലാണ് . പരിചയം പ്രണയമായി വളര്‍ന്നപ്പോള്‍ ഇരുവരും കണ്ടുമുട്ടുന്നത് പതിവായി. ബീഹാറില്‍ നിന്ന് ധന്‍ബാദ് വരെ വന്ന് സുദീപ്തിയെ കാണാറുണ്ടായിരുന്നു റിതേഷ്. കഹല്‍ഗാവിലെ ദേശീയ തെര്‍മല്‍ പവര്‍ സ്റ്റേഷനിലായിരുന്നു റിതേഷ് ജോലി ചെയ്തിരുന്നത്. ഇതിനിടയില്‍ ക്ഷേത്രത്തില്‍ വെച്ച് വീട്ടുകാരറിയാതെ ഇരുവരും വിവാഹിതരായി.

എന്നാല്‍ തന്നെ നിയമപരമായി വിവാഹം ചെയ്യണമെന്ന സുദീപ്തിയുടെ ആഗ്രഹം റിതേഷ് നിരസിച്ചു. അമ്മ ആത്മഹത്യ ചെയ്യുമെന്നായിരുന്നു വിവാഹത്തിന് തടസ്സം നിന്നു കൊണ്ട് റിതേഷ് സുദീപ്തിയോട് പറഞ്ഞ ന്യായം.

വഞ്ചിതയായെന്ന് തിരിച്ചറിഞ്ഞ സുദീപ്തി തേങ്ങിക്കരയാനോ ആത്മഹത്യയ്‌ക്കോ മുതിരാതെ ധൈര്യത്തോടെ പൊലീസ്‌ സ്‌റ്റേഷനില്‍ പോയി റിതേഷിനെതിരെ പീഡനത്തിന് പരാതി കൊടുത്തു. ഫെബ്രുവരിയിലായിരുന്നു പരാതി നല്‍കിയത്. സുദീപ്തി പിന്നാക്ക വിഭാഗമായതിനാല്‍ എസ് സി എസ്ടി ആക്ട് പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തത് അതോടെ റിതേഷ് ജയിലിലായി.

എന്നാല്‍ സ്‌നേഹവും പകയും വഞ്ചനയും ഇഴചേര്‍ന്ന് പോയ ആ ബന്ധവും കഥയും അവിടെ അവസാനിച്ചില്ല. റിതേഷിന്റെ അവസ്ഥയില്‍ അലിവ് തോന്നിയ സുദീപ്തി അയാളെ ജയിലില്‍ സന്ദര്‍ശിക്കുക പതിവായി.

പീന്നീട് തന്നെ വിവാഹം കഴിക്കണമെന്ന് അഭ്യര്‍ഥിച്ചത് റിതേഷാണ്. റിതേഷിന്റെ അഭ്യര്‍ഥന സ്വീകരിച്ച് സുദീപ്തി വിവാഹത്തിന് സമ്മതം മൂളി.

ഒരു മാസം മുമ്പ് ജാമ്യത്തിന് റിതേഷ് അപേക്ഷിച്ചെങ്കിലും ജാമ്യം നിരസിക്കപ്പെട്ടു. വ്യാഴാഴ്ച്ച പ്രത്യേകാനുമതിയില്‍ കോടതിയിലെത്തിയ റിതേഷ് സുദീപ്തിയെ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞയുടനെ റിതേഷ് ജയിലിലേക്ക് മടങ്ങി. ജാമ്യം നിരസിച്ചതിനാല്‍ ജയിലില്‍ നിന്ന് പുറത്ത വരുന്നത് വിവാഹം പോലെ എളുപ്പല്ല .Related posts

Back to top