Govt issues notice to Paytm, Jio on using PM’s photo on advertisements

Narendra Modi

ന്യൂഡല്‍ഹി: പരസ്യചിത്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചതിന് കേന്ദ്രസര്‍ക്കാര്‍ പേടിഎമ്മിനും, റിലയന്‍സ് ജിയോയ്ക്കും നോട്ടീസയച്ചു.

ഫോട്ടോ ഉപയോഗിക്കും മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ എന്ന് വ്യക്തമാക്കാനാണ് സര്‍ക്കാര്‍ കമ്പനികള്‍ക്കും നോട്ടീസയച്ചത്.

ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതു വിതരണ മന്ത്രാലയമാണ് കമ്പനിയോട് പ്രധാനമന്ത്രിയുടെ ഫോട്ടോ പരസ്യങ്ങളില്‍ ഉപയോഗിക്കും മുമ്പെ അനുമതി വാങ്ങിയിരുന്നോ എന്ന് നോട്ടീസില്‍ ചോദിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങളുടെയും മറ്റും പേരും ചിഹ്നവും ഉപയോഗിക്കുന്നതിന് മുമ്പ് മുന്‍ കൂര്‍ അനുമതി വാങ്ങിക്കണമെന്ന് 1950ലെ ദ എംബ്ലംസ് ആന്റ് നെയിംമ്‌സ് പ്രിവെന്‍ഷന്‍ ആക്ടില്‍ പറയുന്നുണ്ട്.

മോദി നോട്ട് നിരോധനം നടപ്പാക്കിയതിന് പിന്നാലെ പേടിഎം, റിലയന്‍സ് ജിയോ കമ്പനികള്‍ മോദിയുടെ ഫോട്ടോവെച്ച വലിയ പരസ്യങ്ങളായിരുന്നു മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളും വിവിധ പാര്‍ട്ടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിടേണ്ടി വന്നിരുന്നു.

പേടിഎം എന്നാല്‍ പേ ടു മോദി എന്നാണ് അര്‍ഥമാക്കുന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. മോദി പേടിഎമ്മിന്റെ സെയില്‍സ് മാനായി എന്ന് മമാതാ ബാനര്‍ജിയും വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കമ്പിനികള്‍ക്ക് നോട്ടീസയച്ചത്.

Top