‘പോക്‌സോ ഭേദഗതി’ പരിഗണനയില്‍; കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷയെന്ന് സര്‍ക്കാര്‍

child

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുംവിധം നിലവിലുള്ള നിയമം (പോക്‌സോ) ഭേദഗതി ചെയ്യുന്നകാര്യം ഗൗരവമായി ആലോചിക്കുകയാണെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപദ്രവിച്ചതു സംബന്ധിച്ച പൊതു താല്‍പര്യഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് പരിഗണിക്കവെയാണു അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്.നരസിംഹ ഇക്കാര്യം അറിയിച്ചത്.

അലഖ് അലോക് ശ്രീവാസ്തവയാണു പൊതു താല്‍പര്യഹര്‍ജി ഫയല്‍ ചെയ്തത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്കു മരണശിക്ഷ നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ആദ്യ ഘട്ടത്തില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വധശിക്ഷയെ എതിര്‍ത്തു.

അതേസമയം, വധശിക്ഷ എല്ലാറ്റിനും പരിഹാരമല്ലെന്ന് അദ്ദേഹം വാദിച്ചു. തുടര്‍ന്നാണു പോക്‌സോ ഭേദഗതി ചെയ്യുന്ന പുതിയ നിയമം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഉപദ്രവിക്കപ്പെട്ട എട്ടുമാസം പ്രായമായ കുട്ടിക്കു വിദഗ്ധ ചികില്‍സ ലഭ്യമാക്കുക, 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഹര്‍ജിയിലുണ്ടായിരുന്നു. 27നു ഹര്‍ജി വീണ്ടും പരിഗണിക്കും.

Top