ചൈനക്കും പാക്കിസ്ഥാനുമെതിരെ തീ തുപ്പാൻ ഇനി അപ്പാച്ചെ ഹെലിക്കോപ്റ്റർ

ന്യൂഡൽഹി: ഏത് രാജ്യവും കൊതിക്കുന്ന വിനാശകാരിയായ അമേരിക്കൻ നിർമ്മിത അപ്പാച്ചെ പോർ ഹെലിക്കോപ്റ്ററുകൾ ഇനി ഇന്ത്യൻ അതിർത്തി കാവലാളാകും.

ആറ് അപ്പാച്ചെ പോര്‍ ഹെലിക്കോപ്റ്ററുകള്‍ വാങ്ങാന്‍ കരാറിന് ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സില്‍(ഡി.എ.സി) അംഗീകാരം നല്‍കി. അരുണ്‍ ജയ്റ്റ്‌ലി അദ്ധ്യക്ഷനായ ഡി.എ.സിയുടെ യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്.

ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി നിര്‍മ്മിക്കുന്ന ആറ് ഹെലിക്കോപ്റ്ററുകള്‍ക്ക് 4168 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബോയിംഗ് കമ്പനിയില്‍ നിന്നും 22 അപ്പാച്ചെ, ചിനോക്ക് ഹെലിക്കോപ്റ്ററുകള്‍ വാങ്ങാനാണ് സൈന്യം ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

ഇതിന് പുറമെ ഇന്ത്യക്കു വേണ്ടി റഷ്യയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഗ്രിഗറോവിച്ച് ക്ലാസ് കപ്പലുകള്‍ക്ക് ആവശ്യമായ രണ്ട് ഗ്യാസ് ടര്‍ബൈനുകള്‍ ഉക്രൈനില്‍ നിന്ന് വാങ്ങാനുള്ള അനുമതിയും ഡി.എ.സി നല്‍കി. 490 കോടി രൂപയാണ് ഗ്യാസ് ടര്‍ബൈനുകള്‍ വാങ്ങാന്‍ അനുവദിച്ചിട്ടുള്ളത്.

അതിവേഗ അപ്പാച്ചെ പോര്‍ ഹെലിക്കോപ്റ്ററുകള്‍ ഇതാദ്യമായാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുന്നത്. അതിര്‍ത്തിയില്‍ പാകിസ്ഥാനും ചൈനയും ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ ഇത്തരം ഹെലിക്കോപ്റ്ററുകള്‍ അത്യാവശ്യമാണെന്ന് സൈന്യം നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

Top