ക്ഷയവിമുക്ത രാജ്യമാകാന്‍ ഇന്ത്യ ; മെഗാ ഇന്ത്യ ടിബി ഉച്ചകോടിയുമായി കേന്ദ്ര സര്‍ക്കാര്‍

Narendra modi

ന്യൂഡല്‍ഹി: ക്ഷയരോഗത്തെ ഇന്ത്യയില്‍ നിന്നും എന്നന്നേക്കുമായി തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെ പുതിയ പരിപാടിയുമായി കേന്ദ്ര സര്‍ക്കാരെത്തുന്നു. ഇതിനായി മെഗാ ഇന്ത്യ ടിബി ഉച്ചകോടി സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍. മാര്‍ച്ച് 13 മുതല്‍ 16 വരെ നടക്കുന്ന ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

ഉച്ചകോടിയിലേയ്ക്ക് വിവിധ സംസ്ഥാനങ്ങളിലുള്ള എല്ലാ മുഖ്യമന്ത്രിമാരേയും ക്ഷണിക്കും. 2025-ഓടെ ടിബി ഇല്ലാത്ത ഇന്ത്യന്‍ സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. കൂടാതെ 2030 ആകുമ്പോഴേക്കും ആഗോളതലത്തില്‍ തന്നെ ടി.ബി.യെ തുടച്ചു നീക്കുക എന്നതും ലക്ഷ്യമിടുന്നുണ്ട്.

മികച്ച രീതിയില്‍ ഒരുക്കുന്ന പരിപാടിയുടെ ആദ്യ ദിവസത്തെ പങ്കാളിത്തം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സെക്രട്ടറി ജനറല്‍ ടെട്രോസ് ഗീബ്രൈറസ് ഉള്‍പ്പെടെ നിരവധി ആഗോളതലത്തില്‍ പ്രഗത്ഭരായ വ്യക്തികളുടെ സാന്നിധ്യവും ഉച്ചകോടിയിലുണ്ടാവും. ടിബി എന്ന വിഷയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഡബ്ല്യു.എച്ച്. ഒ ഡി.ഡി.ജി. ഡോ.സൗമ്യ സ്വാമിനാഥന്റെയും സാന്നിധ്യം ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് സൂചന.

ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 2025 ഓടെ ടിബി തുടച്ചു നീക്കുന്നതിനുള്ള നാഷണല്‍ സ്ട്രാറ്റജിക് പ്ലാന്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ചില പ്രധാന കാര്യങ്ങള്‍ നിലവില്‍ തയ്യാറായെങ്കിലും പ്രധാനമന്ത്രി പരിപാടിയില്‍ കൂടുതല്‍ പ്രധാന കാര്യങ്ങള്‍ സംബന്ധിച്ച് അവബോധം നടത്തുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

പ്രതിവര്‍ഷം 29 ലക്ഷം പുതിയ ടിബി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായും, ഇതില്‍ ദരിദ്രരായ 4.20 ലക്ഷത്തോളം ആളുകള്‍ രോഗം മൂലം മരണപ്പെടുന്നതായും, ഇത്തരത്തിലുള്ള മരണങ്ങള്‍ നിരവധി കുട്ടികളെ അനാഥരാക്കുന്നതായും, അതിനാല്‍ ഇത്തരത്തിലുള്ള മാനുഷിക ദുരന്തങ്ങളെ ഒഴിവാക്കുവാന്‍ ചികിത്സ നേടണമെന്നും, അതിനുള്ള സൗകര്യം രാജ്യത്ത് ഉണ്ടെന്നും, മോദി വ്യക്തമാക്കി.

Top