ഫോൺ കെണി; മംഗളം ചാനൽ ലൈസൻസ് റദ്ദാക്കാൻ കേരള സർക്കാർ ഇടപെടൽ

pinaray

തിരുവനന്തപുരം: മുന്‍ മന്ത്രി ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

റിപ്പോര്‍ട്ടിന്റെ കോപ്പി കേന്ദ്രത്തിനയക്കും. 16 ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്.

മംഗളം ചാനല്‍ പുറത്തുവിട്ട ഓഡിയോയില്‍ കേട്ടത് എ.കെ.ശശീന്ദ്രന്റെ ശബ്ദമാണെന്ന് തെളിഞ്ഞില്ല. റേറ്റിംഗ് കൂട്ടാന്‍ നടത്തിയ ഗൂഢാലോചനയായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ശശീന്ദ്രന് മന്ത്രിയാകാന്‍ തടസമില്ലെന്നും എന്‍സിപിയാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു സമിതിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജസ്റ്റിസ് ആന്‍ണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

മുന്‍ മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെ മംഗളം ചാനല്‍ ഫോണ്‍കെണിയില്‍ കുടുക്കിയതാണെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാനും ചാനല്‍ മേധാവി അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനും നടപടി വേണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.

ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രമല്ല, ഫോണ്‍ കെണി പൊതു ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ചാനല്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും, പരാതിക്കാരി മൊഴി നല്‍കാന്‍ എത്തിയില്ലെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.

വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള മാധ്യമങ്ങളുടെ കടന്ന് കയറ്റം ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നും ജഡ്ജി പി.എസ്. ആന്റണി ആവശ്യപ്പെട്ടിരുന്നു.

രണ്ട് ഭാഗങ്ങളിലായി 405 പേജുള്ളതാണ് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഫോണ്‍ വിളി രേഖകള്‍ പരിശോധിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്

Top