കമ്മാരസംഭവം ഓഡിയോ ലോഞ്ച്: പരാതിയുമായി ഗോപി സുന്ദര്‍

രാമലീലക്ക് ശേഷം ദിലീപ് നായകനായെത്തുന്ന കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. വലിയ ആഘോഷങ്ങളോടെയായിരുന്നു ചടങ്ങ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ച് പരിപാടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍.

സംഗീത സംവിധായകനാണ് ഓഡിയോ ലോഞ്ചിലെ പ്രധാന താരം. എന്നാല്‍ ചടങ്ങിന്റെ വീഡിയോ യൂട്യൂബില്‍ വന്നപ്പോള്‍ ഗോപി സുന്ദറിന്റെ പ്രസംഗമില്ല. സംഗീതസംവിധായകന്റെ പ്രസംഗം ഒഴിവാക്കിയാണ് ചടങ്ങിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പ്രമോഷന്റെ ചുമതലയുള്ളവരാണ് ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്തത്.

കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംഗീത സംവിധായകന്റെ പ്രസംഗം ആരും യൂട്യൂബില്‍ ഇട്ടില്ലെന്നും ആരുടെയെങ്കിലും കയ്യില്‍ ഇതുണ്ടെങ്കില്‍ തനിക്ക് അയച്ചുതരണമെന്നും ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഓഡിയോ ലോഞ്ചില്‍ സംഗീത സംവിധായകനെ ഒഴിവാക്കിയ പ്രമോഷന്‍ ടീമിന് നന്ദിയെന്നും അദ്ദേഹം പരിഹാസരൂപേണ കുറിച്ചു.

അധികം വൈകാതെ പ്രസംഗത്തിന്റെ വീഡിയോയുമായി ഗോപി സുന്ദര്‍ എത്തി. തന്റെ പരാതി തീര്‍ന്നെന്നും കരയുന്ന കുട്ടിക്കേ പാലുള്ളൂവെന്നും അദ്ദേഹം കുറിച്ചു.

Top