Google will no longer use the Internet to deliver balloons Quick

ലോകത്ത് എവിടെയും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള ഗൂഗിളിന്റെ ഡ്രോണ്‍ പദ്ധതി ഉപേക്ഷിച്ചു. ഇതിനു പകരം ബലൂണുകള്‍ ഉപയോഗിക്കാനാണ് നീക്കം. ഗൂഗിളിന്റെ പാരന്റ് കമ്പനി ആല്‍ഫറ്റ് ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ആകാശത്ത് ഡ്രോണുകള്‍ക്ക് പകരം സാങ്കേതിക സംവിധാനങ്ങള്‍ ഘടിപ്പിച്ച ബലൂണുകള്‍ വിന്യസിപ്പിക്കും.

ഗ്രാമങ്ങളില്‍ കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഏറ്റവും മികച്ചത് ബലൂണുകള്‍ തന്നെയാണെന്നാണ് ഗൂഗിള്‍ എക്‌സ് വക്താവ് പറയുന്നത്. നിലവിലെ 4ജിയെക്കാള്‍ 40 മടങ്ങ് വേഗതയോടെ 5ജി ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്.

ഡ്രോണുകള്‍ ഉപയോഗിച്ച് 5ജി ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള സ്‌കൈബെന്‍ഡര്‍ പദ്ധതി ന്യൂമെക്‌സിക്കോയിലെ സ്‌പെയ്‌സ് ടെര്‍മിനലില്‍ നേരത്തെ പരീക്ഷിച്ചു വരികയായിരുന്നു ഗൂഗിള്‍. ആളൊഴിഞ്ഞ 15,000 ചതുരശ്ര അടി പ്രദേശത്ത് അതീവരഹസ്യമായി നടത്തിവന്ന ഈ പരീക്ഷണത്തിന്റെ വിവരങ്ങള്‍ അടുത്തിടെ ‘ദ് ഗാര്‍ഡിയന്‍’ പത്രം ചോര്‍ത്തി പുറത്തുവിട്ടിരുന്നു.

ബലൂണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് പദ്ധതിയായ ‘ലൂണ്‍’ നടപ്പാക്കുന്ന ഗൂഗിള്‍ എക്‌സസിനു കീഴില്‍ത്തന്നെയാണ് സ്‌കൈബെന്‍ഡര്‍ പദ്ധതിയും നടപ്പിലാക്കാന്‍ നീക്കം നടത്തിയിരുന്നത്.

പൈലറ്റില്ലാതെയും പ്രവര്‍ത്തിക്കാനാകുന്ന ( Centaur Optionally Piloted Aircraft) ഉം ഒപ്പം സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ടൈറ്റാന്‍ ഡ്രോണുമാണ് പരീക്ഷണത്തില്‍ ഗൂഗിള്‍ ഉപയോഗിച്ചത്.

ഇവയിലുള്ള മില്ലിമീറ്റര്‍ വേവ് റേഡിയോ ട്രാന്‍സ്മിഷന്‍ ടെക്‌നോളജി പ്രകാരം ഹൈസ്പീഡ് ഇന്റര്‍നെറ്റ് വിതരണം ചെയ്യാനാകും. കാഴ്ചയില്‍ വളരെ ചെറുതാണെങ്കിലും ഈ ട്രാന്‍സ്മിറ്ററുകള്‍ പ്രവര്‍ത്തനത്തില്‍ വളരെ കാര്യക്ഷമതയുള്ളവയാണ് 4 ജി (എല്‍ടിഇ)സെല്ലുലാര്‍ സാങ്കേതികതയേക്കാള്‍ 40 മടങ്ങ് വേഗം ഉറപ്പ്.

നിലവിലെ തിങ്ങിക്കൂടിയ മൊബൈല്‍ സ്‌പെക്ട്രത്തില്‍ നിന്ന് ‘തിരക്ക്’ അല്‍പം കുറഞ്ഞ പുതിയ സ്‌പെക്ട്രത്തിലേക്ക് മൊബൈല്‍ സിഗ്‌നലുകളെ മാറ്റാന്‍ മില്ലിമീറ്റര്‍ റേഡിയോ തരംഗങ്ങള്‍ക്കാകും. തിങ്ങിക്കൂടിയ (congested)) സ്‌പെക്ട്രമാണ് മൊബൈല്‍ സിഗ്‌നലുകളുടെ ശക്തി ക്ഷയിപ്പിച്ച് പല നെറ്റ്കണക്ഷനുകളെയും വെറും വേസ്റ്റാക്കി മാറ്റുന്നത്.

തിങ്ങിക്കൂടിയ സ്‌പെക്ട്രവും ഒപ്പം പഴഞ്ചന്‍ കണക്ടിവിറ്റി സംവിധാനങ്ങളുമെല്ലാം മാറ്റി പുതിയതു പരീക്ഷിക്കാന്‍ ലോകമെമ്പാടുമുള്ള മൊബൈല്‍ കമ്പനികളും കിണഞ്ഞു പരിശ്രമിക്കുകയാണ്. അതിനൊപ്പമാണ് ഗൂഗിളിന്റെയും ശ്രമം.

എന്നാല്‍ 4ജി നെറ്റ്‌വര്‍ക്കിനുള്ളത്ര കവറേജ് സ്‌കൈബെന്‍ഡര്‍ സാങ്കേതികവിദ്യ വഴി ലഭിക്കില്ല. അതായത് വളരെ കുറഞ്ഞ ചുറ്റളവിലേ ഡ്രോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് ലഭ്യമാകൂ. അല്ലെങ്കില്‍ ഫോക്കസ്ഡ് ബീമുകളും സിഗ്‌നലുകള്‍ പ്രത്യേകമായി കേന്ദ്രീകരിക്കാന്‍ സാധിക്കുന്ന ആന്റിനകളും ഉപയോഗിക്കേണ്ടി വരും.

ഇതിനു പക്ഷേ വന്‍തോതില്‍ വൈദ്യുതി ആവശ്യമാണ്. ഡ്രോണ്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ സൗരോര്‍ജത്തിലും.

Top