ചിത്രങ്ങള്‍ സേവ്‌ ചെയ്യുന്നതിനുള്ള വ്യൂ ഇമേജ് ബട്ടൺ ഗൂഗിൾ നീക്കം ചെയ്തു

Untitled-1-google

ഗൂഗിള്‍ സേര്‍ച്ച് സംവിധാനത്തില്‍ ചിത്രങ്ങള്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിച്ചിരുന്ന വ്യൂ ഇമേജ് ബട്ടണ്‍ ഗൂഗിള്‍ നീക്കം ചെയ്തു. ചിത്രങ്ങള്‍ സേവ് ചെയ്യാനാഗ്രഹിക്കുന്നവര്‍ ഇനി മുതല്‍ വിസിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ചിത്രം കണ്ടെത്തി സേവ് ചെയ്യണം.

ഗൂഗിള്‍ ഇമേജ് സേര്‍ച്ച് സംവിധാനം പകര്‍പ്പവകാശ ലംഘനം പ്രോല്‍സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രമുഖ സ്റ്റോക്ക് ഫോട്ടോ വിതരണ കമ്പനിയായ ഗെറ്റി ഇമേജസ് ഗൂഗിളിനെതിരെ നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണ്‌ ഗൂഗിള്‍ പുതിയ തീരുമാനം നടപ്പാക്കിയത്.

ഗൂഗിള്‍ സേര്‍ച്ചില്‍ നിന്നു ചിത്രങ്ങള്‍ ഏതു സൈസിലും ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നതു വഴി ചിത്രം ഹോസ്റ്റ് ചെയ്തിരിക്കുന്ന വെബ്‌സൈറ്റിന്റെ പകര്‍പ്പവകാശ നിയമങ്ങള്‍ ഗൂഗിള്‍ അട്ടിമറിക്കുകയാണെന്നാണ് പ്രധാന ആരോപണം.

ഇത് വെബ്‌സൈറ്റുകള്‍ക്ക് വലിയ നഷ്ടവും ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഫൊട്ടോഗ്രാഫര്‍മാര്‍ക്കും കലാകാരന്മാര്‍ക്കും വലിയ തിരിച്ചടിയുമാണെന്നു ഗെറ്റി വാദിച്ചു. ഗൂഗിള്‍ സേര്‍ച്ച് സംവിധാനം ഉപയോഗിക്കുന്നവരെ പോലെ വെബ്‌സൈറ്റുകള്‍ക്കും സേവനം ലഭിക്കുമെന്ന്‌ ഉറപ്പു വരുത്താനാണ് പുതിയ മാറ്റം എന്നു ഗൂഗിള്‍ വ്യക്തമാക്കി.

ഒരു ചിത്രം തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ സമാനമായ ചിത്രങ്ങള്‍ കാണിക്കുന്ന സിമിലര്‍ ഇമേജസ് സംവിധാനവും ഇതോടൊപ്പം നീക്കം ചെയ്തിട്ടുണ്ട്.

വ്യൂ ഇമേജ് ബട്ടൺ ഗൂഗിൾ നീക്കം ചെയ്തെങ്കിലും ചിത്രങ്ങൾ പഴയതുപോലെ ഡൗൺലോഡ് ചെയ്യാൻ വിവിധ മാർഗങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. സേർച്ച് പേജിൽ നിന്ന് ചിത്രത്തിൽ റൈറ്റ് ക്ലിക്ക് ചെയ്ത് പുതിയ വിൻഡോയിൽ ഓപ്പൺ ചെയ്യുന്നതാണ് ഒരു മാർഗം. പുതിയ വിൻഡോയിൽ നിന്നു ചിത്രത്തിൽ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ചെയ്യാം.

Top