ഗ്ലോബല്‍ ടി 20 കാനഡയ്ക്ക് തുടക്കം ; മടങ്ങിവരവ് ഗംഭീരമാക്കി സ്മിത്ത്

t-20

ഗ്ലോബല്‍ ടി 20 കാനഡയ്ക്ക് ഗംഭീര തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കളിച്ച ടീമുകള്‍ ഗംഭീര തുടക്കമാണ് മത്സരത്തിന് നല്‍കിയത്. വാന്‍കൂവര്‍ നൈറ്റ്‌സ് – ടൊറോണ്ടോ നാഷണല്‍സ് എന്നീ ടീമുകളാണ് കന്നിയങ്കത്തിന് ഇറങ്ങിയത്.

ഇരു ടീമുകളിലെയും വിന്‍ഡീസ് താരങ്ങളും ന്യൂസിലാണ്ട് താരം ആന്റണ്‍ ഡെവ്‌സിച്ചും തിളങ്ങിയ ഉദ്ഘാടന മത്സരത്തില്‍ തന്നെ 200നു മുകളില്‍ സ്‌കോര്‍ ഇരു ടീമുകളും നേടുകയായിരുന്നു. വാങ്കൂവര്‍ നൈറ്റ്‌സ് നേടിയ 227 റണ്‍സ് ടൊറോണ്ടോ നാഷണല്‍സ് മറികടക്കുമ്പോള്‍ 4 പന്തുകള്‍ ബാക്കിയുണ്ടായിരുന്നു.

ടോസ് നേടിയ ടൊറോണ്ടോ നാഷണല്‍സ് നായകന്‍ ഡാരെന്‍ സാമി ബൗളിംഗ് തിരഞ്ഞെടുത്തുവെങ്കിലും എവിന്‍ ലൂയിസിന്റെയും ആന്‍ഡ്രേ റസ്സലിന്റെയും മികവില്‍ നൈറ്റ്‌സ് കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു. ലൂയിസ് 55 പന്തില്‍ 96 റണ്‍സ് നേടിയപ്പോള്‍ ആന്‍ഡ്രേ റസ്സല്‍ 20 പന്തില്‍ നിന്ന് 54 റണ്‍സ് നേടുകയായിരുന്നു. റസ്സല്‍ 5 സിക്‌സ് നേടിയപ്പോള്‍ ലൂയിസ് 10 സിക്‌സാണ് തന്റെ ഇന്നിംഗ്‌സില്‍ നേടിയത്.

ഇരുവരുടെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 227 റണ്‍സാണ് നൈറ്റ്‌സ് നേടിയത്. നാഷണല്‍സിനു വേണ്ടി നിഖില്‍ ദത്ത രണ്ടും കെസ്രിക് വില്യംസ് കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ നാഷണല്‍സ് നിരയില്‍ നാലോളം ബാറ്റ്‌സ്മാന്മാര്‍ 200നു മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെയാണ് ബാറ്റ് വീശിയത്. ഇതാണ് കൂറ്റന്‍ ലക്ഷ്യത്തെ മറികടക്കുവാന്‍ ടീമിനെ സഹായിച്ചതും. ജോണ്‍സണ്‍ ചാള്‍സ് 12 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവന്‍ സ്മിത്ത് ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങിവരവില്‍ 41 പന്തില്‍ നിന്ന് 61 റണ്‍സ് നേടി പുറത്തായി.

എന്നാല്‍ കളിയുടെ ഗതി മാറ്റിയത് ആന്റണ്‍ ഡെവ്‌സിച്ചിന്റെയും ഡാരെന്‍ സാമിയുടെയും ബാറ്റിംഗാണ്. 44 പന്തില്‍ നിന്ന് 92 റണ്‍സ് നേടി പുറത്താകാതെ നിന്ന ഡെവ്‌സിച്ച് ആണ് കളിയിലെ താരം. 10 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ ഡാരെന്‍ സാമിയുടെ ഇന്നിംഗ്‌സും നിര്‍ണ്ണായകമായി.

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ക്രിക്കറ്റിലേക്ക് ടൊറോണ്ടോ നാഷണല്‍സിലൂടെ തിരിച്ചെത്തി എന്ന പ്രത്യേകതയും ഇത്തവണത്തെ ടി 20 ക്കുണ്ട്.

ടിം സൗത്തി, സാദ് ബിന്‍ സഫര്‍, ഫവദ് അഹമ്മദ്, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ നൈറ്റ്‌സിനായി ഓരോ വിക്കറ്റുകള്‍ നേടി. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 1.30 നാണ് മത്സരം നടന്നത്.

Top