സൈക്കിളിനായി സൂക്ഷിച്ച നാല് വര്‍ഷത്തെ സമ്പാദ്യം കേരളത്തിന് നല്‍കി കൊച്ചുമിടുക്കി

വില്ലുപുരം: സൈക്കിള്‍ മേടിക്കാനായി സൂക്ഷിച്ചുവെച്ച തന്റെ നാല് വര്‍ഷത്തെ സമ്പാദ്യം കേരളത്തിന് നല്‍കി ഒരു കൊച്ചു മിടുക്കി. തമിഴ്‌നാട് സ്വദേശിനിയായ ഒന്‍പത് വയസുകാരി അനുപ്രിയയാണ് തന്റെ കൊച്ചു സമ്പാദ്യം കേരളത്തിലെ ദുരിത ബാധിതര്‍ക്കായി നല്‍കിയത്.

അവളുടെ നല്ല മനസ് മനസിലാക്കിയ സൈക്കിള്‍ നിര്‍മാതാക്കളായ ഹീറോ കമ്പനി പുത്തന്‍ സൈക്കിളാണ് അനുപ്രിയക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏറെക്കാലമായുള്ള സ്വപ്നം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമായി നല്‍കാനെടുത്ത തീരമാനം വാര്‍ത്തയായതോടെ അനുപ്രിയയ്ക്ക് സമ്മാനവുമായി ഹിറോ സൈക്കിള്‍ കമ്പനി എത്തി. എല്ലാ വര്‍ഷവും പിറന്നാള്‍ ദിനത്തില്‍ അനുപ്രിയയ്ക്ക് പുത്തന്‍ സൈക്കിള്‍ സമ്മാനമായി എത്തിക്കുമെന്നാണ് ഹീറോ സൈക്കിള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹിറോ മോട്ടോര്‍സ് കമ്പനിയുടെ ചെയര്‍മാനാണ് അനുപ്രിയയുടെ നല്ലമനസിന് ആദരം നല്‍കാനുള്ള തീരുമാനം ട്വീറ്റ് ചെയ്തത്.

തമിഴ്‌നാട്ടിലെ വില്ലുപുരത്തുള്ള കെ കെ റോഡിലാണ് മാതാപിതാക്കളും അനിയനുമൊപ്പം അനുപ്രിയ താമസിക്കുന്നത്. ഒക്ടോബര്‍ 16ന് പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സൈക്കിള്‍ വാങ്ങാനായി നാലുവര്‍ഷമായി കൂട്ടിവച്ച പണമാണ് അനുപ്രിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത്. 8000 രൂപയായിരുന്നു അനുപ്രിയ സൈക്കിളിന് വേണ്ടി സ്വരൂപിച്ചത്. തന്റെ സ്വപ്നത്തേക്കള്‍ പ്രധാനപ്പെട്ടതാണ് ഇപ്പോള്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കേണ്ട സഹായമെന്ന് ഈ കൊച്ചുമിടുക്കി പറയുന്നു.

ഹീറോയുടെ വാഗ്ദാനത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും രംഗത്ത് വന്നിട്ടുണ്ട്.

Top