ചിലിയെ വീഴ്ത്തി കോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടം സ്വന്തമാക്കി ജര്‍മനി

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: കോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടം നേടി ജര്‍മനി.

2018 ലോകകപ്പിന്റെ ആതിഥേയ മണ്ണില്‍ നടന്ന പോരാട്ടത്തില്‍ കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയായിരുന്നു ജര്‍മനിയുടെ ആദ്യ കോണ്‍ഫെഡറേഷന്‍സ് കപ്പ് നേട്ടം. 20-ാം മിനിറ്റില്‍ ലാര്‍സ് സ്റ്റിന്‍ഡലിന്റെ ബുട്ടില്‍ നിന്നായിരുന്നു കിരീടം സമ്മാനിച്ച ഗോളിന്റെ പിറവി.

പന്തുരുണ്ട് തുടങ്ങി ആദ്യ മിനിറ്റ് മുതല്‍ ചിലിയുടെ സൂപ്പര്‍താരങ്ങള്‍ കളം നിറഞ്ഞ് ആര്‍ത്തിരമ്പിയപ്പോള്‍ ജര്‍മനിയുടെ യുവസംഘം ഡസന്‍കണക്കിന് ഗോളുകള്‍ വാങ്ങികൂട്ടുമെന്നുറപ്പിച്ചു.

എന്നാല്‍, യുവാന്‍ അന്റോണിയോ പിസ്സിയുടെ ടീമിന്റെ പ്രതിരോധത്തിലെ പാളിച്ചയില്‍ 20-ാം മിനിറ്റില്‍ തന്നെ ജര്‍മനി ഗോളടിച്ചു. സ്വന്തം പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് പന്തടിച്ചകറ്റാന്‍ മറന്ന മാഴ്‌സലോ ഡയസില്‍ നിന്നും പന്ത് റാഞ്ചിയ തിമോ വെര്‍ണറാണ് ജര്‍മന്‍ ഗോളിന് വഴിയൊരുക്കിയത്. വലതു വിങ്ങിലൂടെ ഓടിയെത്തിയ ലാര്‍സ് സ്റ്റിന്‍ഡല്‍ ഗോളി ക്ലോഡിയോ ബ്രാവോയെ കാഴ്ചക്കാരനാക്കി വലയിലേക്ക് അടിച്ചു കയറ്റിയപ്പോള്‍ ചിലിരെ കരയിപ്പിച്ച് ജര്‍മനിയുടെ വിജയ ഗോള്‍.

Top