ടെലികോം വിപണി കൊഴുക്കും ; ജിയോ ഫോണ്‍ ഈ ആഴ്ച മുതല്‍

jio

മുംബൈ: റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണിനു വേണ്ടി മുന്‍കൂറായി ബുക്ക് ചെയ്തിട്ടുള്ള ആറ് മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ഈ ആഴ്ച മുതല്‍ ഫോണ്‍ ലഭ്യമായി തുടങ്ങുമെന്ന് റിപ്പോര്‍ട്ട്.

ജിയോ ഫോണിനായുള്ള രണ്ടാംഘട്ട പ്രീബുക്കിംഗ് ഇതോടൊപ്പം ആരംഭിക്കുമെന്നും സൂചനയുണ്ട്.

ജിയോ റീട്ടെയ്‌ലര്‍മാര്‍ വഴിയും, മള്‍ട്ടി ബ്രാന്‍ഡ് ഡിവൈസ് റീട്ടെയ്‌ലര്‍മാര്‍ വഴിയും റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകള്‍ വഴിയുമായിരിക്കും ഫീച്ചര്‍ ഫോണ്‍ വിതരണം ചെയ്യുക.

എന്നാല്‍ ഇത് സംബന്ധിച്ച് റിലയന്‍സ് സ്ഥിരീകരണം നല്‍കിയിട്ടില്ല.

ഇന്ത്യന്‍ ടെലികോം വിപണിയില്‍ വിപ്ലവാത്മകമായ മാറ്റത്തിനു തുടക്കം കുറിച്ചുകൊണ്ടായിരുന്നു റിലയന്‍സ് ജിയോ 1,500 രൂപയുടെ റീഫണ്ടബ്ള്‍ ജിയോ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കാനുള്ള പ്രഖ്യാപനം നടത്തിയത്.

100 മുതല്‍ 150 മില്യണ്‍ ഫോണുകള്‍ (പ്രതിവാരം അഞ്ച് മില്യണ്‍ ഫോണുകള്‍ വീതം) അടുത്ത ആറ് മാസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്നാണ് നേരത്തെ ജിയോ അറിയിച്ചിരുന്നത്.

ഓഗസ്റ്റ് 24-ന് വെകുന്നേരമാണ് ജിയോ ഫോണുകള്‍ക്കായുള്ള പ്രീബുക്കിംഗ് ആരംഭിച്ചത്. തുടര്‍ന്ന് വന്‍തോതില്‍ ആവശ്യകത വര്‍ധിച്ചതോടെ ഓഗസ്റ്റ് 26-ന് രാവിലെ ബുക്കിംഗ് നിര്‍ത്തിവെച്ചു.

നിലവില്‍ 130 മില്യണ്‍ വരിക്കാരാണ് ജിയോയ്ക്കുള്ളത്. ജിയോ ഫീച്ചര്‍ ഫോണിലൂടെ ഉപഭോക്തൃ അടിത്തറ 500 മില്യണിലേക്ക് ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Top